| Sunday, 14th April 2019, 8:37 am

8 മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷം കുഴൽകിണറിൽ കുടുങ്ങിയ 5 വയസുകാരനെ രക്ഷപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഥുര: കുഴൽകിണറിൽ കുടുങ്ങിയ അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തി. ഉത്തർ പ്രദേശിലെ മഥുരയിലാണ് 100 മീറ്റർ താഴ്ചയുള്ള കിണറ്റിൽ കുട്ടി അകപ്പെടുന്നത്. രാത്രി ഏറെ വൈകിയും നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് പുലർച്ചയോടെയാണ് കുട്ടിയെ പുറത്തെടുക്കാൻ സാധിച്ചത്.

‘കുട്ടി ഇപ്പോൾ പൂർണമായും സുഖമായിരിക്കുകയാണ്. ഇപ്പോൾ കുട്ടിക്ക് കുഴപ്പങ്ങളൊന്നുമില്ല. എന്നാലും, ഒരു മുൻകരുതൽ എന്ന നിലയ്ക്ക് രോഗങ്ങളെ അകറ്റി നിർത്താൻ കുട്ടിക്ക് മരുന്നുകൾ നൽകിയിട്ടുണ്ട്. കുട്ടി ഇന്ന് രാത്രി വരെ ആശുപത്രിയിൽ കഴിഞ്ഞ ശേഷം നാളെ രാവിലെയോടെ ആശുപത്രി വിടും.’ മഥുര ചീഫ് മെഡിക്കൽ ഓഫീസർ ഷെർ ഷാ പറഞ്ഞു.

ശനിയാഴ്ച വൈകിട്ട്, 5 വയസ്സുകാരൻ പ്രവീൺ കുഴൽ കിണറിനടുത്തുള്ള മരത്തിൽ നിന്നും പഴങ്ങൾ പറിക്കുകയായിരുന്നു. ആ സമയത്താണ് കാൽ വഴുതി കുട്ടി 100 മീറ്റർ താഴ്ചയുള്ള കിണറ്റിലേക്ക് വീഴുന്നത്.

‘കുട്ടിയെ കിണറ്റിൽ നിന്നും രക്ഷിച്ചെടുക്കാൻ ഞങ്ങൾക്ക് മണിക്കൂറുകൾ വേണ്ടിവന്നു. രക്ഷാപ്രവർത്തനത്തിൽ സൈന്യവും ഞങ്ങളെ സഹായിക്കാൻ ഉണ്ടായിരുന്നു.’ ദേശീയ ദുരന്ത പ്രതികരണ സേന ഉദ്യോഗസ്ഥനായ അനിൽ കുമാർ സിംഗ് എ.എൻ.ഐ. വാർത്താ ഏജൻസിയോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടനെ തന്നെ, പ്രാദേശിക ഭരണകർത്താക്കൾ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നുവെന്ന് ജില്ലാ ഭരണകൂടത്തിലെ ഒരുദ്യോഗസ്ഥൻ പറയുന്നു.

We use cookies to give you the best possible experience. Learn more