| Sunday, 11th July 2021, 6:19 pm

'വലിയ സംഭവമാക്കി എടുക്കേണ്ട, അയാള്‍ എന്റെ ബന്ധുവാണ്'; പ്രവര്‍ത്തകന്റെ മുഖത്തടിച്ച വിവാദത്തില്‍ ഡി.കെ. ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. മുഖത്തടിയേറ്റ പ്രവര്‍ത്തകന്‍ തന്റെ ബന്ധുവാണെന്നും വിഷയം ഗൗരവമാക്കേണ്ടതില്ലെന്നുമാണ് ഡി.കെ. ശിവകുമാര്‍ പറഞ്ഞത്.

‘തോളത്ത് കൈവെച്ചപ്പോള്‍ കൈയ്യെടുക്കാന്‍ വേണ്ടിയാണ് തല്ലിയത്. അദ്ദേഹം തന്റെ ബന്ധുവാണ്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം മൂലമാണ് അങ്ങനെ ചെയ്തത്. അതൊരു വലിയ സംഭവമാക്കി എടുക്കേണ്ട കാര്യമില്ല,’ ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

തോളത്ത് കൈവെച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച സംഭവം സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രതികരണവുമായി ഡി.കെ. ശിവകുമാര്‍ തന്നെ രംഗത്തെത്തിയത്.

പാര്‍ട്ടി എം.പിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ പോകുന്ന വഴിയാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം നടക്കുകയായിരുന്ന ശിവ കുമാറിന്റെ തോളില്‍ കൈവെക്കാന്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ ശ്രമിക്കുന്നതിനിടെയാണ് ശിവ കുമാര്‍ ഇദ്ദേഹത്തെ അടിച്ചത്.

”ഇന്തെന്ത് സ്വഭാവമാണ്? ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്, പക്ഷേ അതിനര്‍ത്ഥം നിങ്ങള്‍ക്കെന്തും ചെയ്യാമെന്നല്ല”, ശിവ കുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ശിവ കുമാറിനെ വിമര്‍ശിച്ച് ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: “Boy Of The Household…”: Karnataka Congress Chief On Smacking A Man

We use cookies to give you the best possible experience. Learn more