| Thursday, 15th August 2019, 12:48 pm

ആറ് കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി ആംബുലന്‍സിന് മുമ്പില്‍ ഓടി; ആ ധീരബാലന് ധീരതക്കുള്ള പുരസ്‌കാര നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലത്തിന് മുകളില്‍ നിറഞ്ഞൊഴുകുന്ന പ്രളയ ജലം. ആംബുലന്‍സിനുള്ളില്‍ ആറ് കുട്ടികളുടെ ജീവന്‍. വഴിയേതെന്ന് അറിയാതെ പകച്ച് നിന്ന ആംബുലന്‍സ് ഡ്രൈവറോട് ആ പന്ത്രണ്ട് വയസ്സുകാരന്‍ പറഞ്ഞു. ഞാന്‍ മുമ്പില്‍ ഓടാം എന്റെ പുറകെ വന്നാല്‍ മതിയെന്ന്. വേഗത്തില്‍ ഒഴുകുന്ന വെള്ളത്തെയും അതിജീവിച്ച് അവന്‍ ഓടി. പിന്നാലെ ആംബുലന്‍സും.

ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ആ ബാലന്റെ പേര് വെങ്കടേഷ് എന്നാണ്. കര്‍ണാടകത്തിലെ റായ്ച്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കിലെ ഹിരേരായണകുമ്പി ഗ്രാമത്തില്‍ ജീവിക്കുന്നു. വെങ്കടേഷിന്റെ ഈ ധീരകൃത്യത്തെ മുന്‍ നിര്‍ത്തി ധീരതക്കുള്ള പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐ.എ.എസ് ഓഫീസര്‍ മണിവണ്ണന്‍ വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന് എഴുതിക്കഴിഞ്ഞു.

സംഭവത്തെ കുറിച്ച് വെങ്കടേഷ് പറയുന്നത് ഇങ്ങനെയാണ്. ടൈംസ് ഓഫ് ഇന്ത്യയോടാണ് വെങ്കടേഷിന്റെ പ്രതികരണം.

‘ശനിയാഴ്ച രാവിലെ ഏതാണ്ട് 11 മണിയായിക്കാണും, പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നത് കാണാന്‍ പോയതാണ് ഞാന്‍. അപ്പോള്‍ അവിടെ ഒരു ആംബുലന്‍സ് കാത്തുനില്‍ക്കുന്നത് കണ്ടു. അതിന്റെ ഡ്രൈവര്‍ക്ക് വെള്ളത്തിന്റെ ആഴം എത്രയാണെന്ന് അറിയില്ല, വെള്ളം നിറഞ്ഞൊഴുകുകയുമാണ്. വാഹനത്തില്‍ ആറ് കുട്ടികളും ആണുള്ളത്. ഞാന്‍ ഡ്രൈവറോട് പറഞ്ഞു, ഞാന്‍ പാലത്തിലൂടെ ഓടാം അപ്പോള്‍ ആഴവും വഴിയും അറിയാമെന്ന്. വെള്ളം ശക്തമായാണ് വരുന്നത്. ഒരു ഘട്ടത്തില്‍ എന്റെ നെഞ്ചിന് മുകളില്‍ വെള്ളം വന്നു. എനിക്ക് നീന്തല്‍ അറിയാം അതിനാല്‍ അപ്പുറം കടക്കാമെന്ന് ആത്മവിശ്വാസവും ഉണ്ടായിരുന്നു. ഡ്രൈവര്‍ എന്റെ പിന്നാലെ വരികയും സുരക്ഷിതമായി പാലം കടക്കുകയുമായിരുന്നു’.

വെങ്കടേഷിന്റെ അമ്മ ആദ്യം ഇതറിഞ്ഞപ്പോല്‍ ഞെട്ടിയെ്ന്നും പിന്നീട് സന്തോഷിച്ചെന്നും സഹോദരന്‍ ഭമരായ പറഞ്ഞു.

We use cookies to give you the best possible experience. Learn more