| Tuesday, 13th August 2019, 5:21 pm

'എനിക്കും സഹായിക്കണമെന്ന് തോന്നി'; ഫുള്‍ എ പ്ലസ് വാങ്ങിയതിന്റെ സമ്മാനതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പതിനാറുകാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് വാങ്ങിയതിന് സമ്മാനമായി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പതിനാറുകാരനായ ഹൃദ്യുത്. ക്ലബ്ബുകളും സാസ്‌കാരിക സംഘങ്ങളും സമ്മാനമായി നല്‍കിയ പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഇ.പി ജയരാജനാണ് ഇക്കാര്യം ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

കണ്ണൂര്‍ കലക്ട്രേറ്റിലെ അവലോകന യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഹൃദ്യുത് ഹേംരാഗ് എന്ന പതിനാറുകാരന്‍ പുറത്ത് കാത്തു നില്‍ക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തന്റെ സംഭാവന നേരിട്ട് നല്‍കാനായിരുന്നു കാത്തിരിപ്പെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘എല്ലാവരും ദുരിതമനുഭവിക്കുന്ന സമയമാണ്, കിടപ്പാടവും ഭക്ഷണവുമില്ലാതെ ആയിരക്കണക്കിനാളുകള്‍ പ്രയാസപ്പെടുകയാണ്. അവരെ സഹായിക്കാന്‍ ഒട്ടേറെ പേര്‍ മുന്നോട്ടുവന്നു. എനിക്കും സഹായിക്കണമെന്ന് തോന്നി”. എന്നായിരുന്നു ഹൃദ്യുത് പറഞ്ഞത്.

കൂത്തുപറമ്പിലെ അദ്ധ്യാപക ദമ്പതിമാരായ രാജന്റെയും പ്രഷീനയുടെയും മകനാണ് ഹൃദ്യുത്. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

We use cookies to give you the best possible experience. Learn more