ന്യൂദല്‍ഹി: ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. വിജേന്ദര്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി വിനോദ് ടോഡെയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.
സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നത് പോലെയാണ് ഈ മാറ്റം അനുഭവപ്പെടുന്നതെന്ന് ബി.ജെ.പിയില്‍ ചേര്‍ന്നശേഷം വിജേന്ദര്‍ പറഞ്ഞു. മധുര മണ്ഡലത്തില്‍ നിന്ന് ഹേമമാലിനിക്കെതിരെ കോണ്‍?ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വിജേന്ദറിന്റെ പാര്‍ട്ടി മാറ്റം.
രാജ്യത്തിനകത്തും പുറത്തുമായി ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനം എടുത്തു പറയേണ്ടതാണെന്നും ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടും നന്ദിയുണ്ടെന്നും വിജേന്ദര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഹരിയാനയില്‍ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയില്‍ വിജേന്ദര്‍ പങ്കെടുത്തിരുന്നു. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ദല്‍ഹിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ രമേഷ് ബിധുരിയോട് പരാജയപ്പെട്ടിരുന്നു.
ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സിങ് താരമാണ് വിജേന്ദര്‍. 2008ല്‍ ബീജിങ്ങില്‍ നടന്ന ഒളിമ്പിക്‌സിലാണ് വെങ്കല മെഡല്‍ നേടിയത്. കേന്ദ്ര സര്‍ക്കാരിനും ഗുസ്തി ഫെഡറേഷനുമെതിരെ തുടര്‍ച്ചയായി പ്രതിഷേധമറിയിക്കുന ഗുസ്തി താരങ്ങളുടെ ചെറുത്തുനില്‍പ്പിനെ തള്ളിക്കൊണ്ടാണ് വിജേന്ദറിന്റെ കൂറുമാറ്റം.
Content Highlight: Boxing star Vijender Singh left Congress and joined BJP