| Thursday, 6th November 2014, 2:44 pm

ബോക്‌സിങ് താരങ്ങളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയമാക്കിയ ബോക്‌സിങ് ഇന്ത്യയുടെ നടപടി വിവാദമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോക്‌സിങ് താരങ്ങളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയമാക്കിയ ബോക്‌സിങ് ഇന്ത്യയുടെ നടപടി വിവാദമാകുന്നു. അവിവാഹിതരായ ബോക്‌സിങ് താരങ്ങളെയാണ് ഗര്‍ഭപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുള്ളത്. പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളെയും പരിശോധനയക്ക് വിധേയമാക്കിയിട്ടുണ്ട് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സായി കണ്‍സള്‍ട്ടന്റും ഇന്ത്യന്‍ ഫെഡറേഷവന്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിഡന്റുമായ പി.സി.എം ചന്ദ്രന്‍ ബോക്‌സിങ് ഇന്ത്യയുടെയും സായിയുടെയും ഈ പരിശോധനയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഗര്‍ഭ പരിശോധന നിയമ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ആരുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത് എന്ന് അറിയില്ലെന്നും അവിവാഹിതരെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് സാഹചര്യത്തിലാണ് പരിശോധന നടത്തിയത് എന്നറിയില്ലെന്നും കായിക താരങ്ങളുടെ ആരോഗ്യ പരിശോധനയില്‍ ഗര്‍ഭ പരിശോധന വരില്ലെന്നും “ഗര്‍ഭിണിയല്ല” എന്ന് താരം സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര ബോക്‌സിങ് ഫെഡറേഷന്റെ നിര്‍ദേശപ്രകാരമാണ് താരങ്ങളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയത് എന്നാണ് സായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുധീര്‍ സെട്ടിയ പറഞ്ഞിരിക്കുന്നത്.

താരത്തിന്റെ ആരോഗ്യവും താല്‍പര്യവും കണക്കിലെടുത്താണ് പരിശോധനകള്‍ നടത്തിയതെന്നും ഒട്ടുമിക്ക രാജ്യങ്ങളും ഇത്തരം പരിശോധനകള്‍ നിഷ്‌കര്‍ഷിക്കാറുണ്ടെന്നും ബോക്‌സിങ് ഇന്ത്യയുടെ പ്രസിഡന്റ് ജയ് കോവ്‌ലി പറഞ്ഞു.

എട്ട് ബോക്‌സിങ് താരങ്ങളെയാണ് നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. 18 വയസ് പൂര്‍ത്തിയാകാത്ത ജൂനിയിര്‍ താരങ്ങളും പരിശോധന നടത്തിയവരുടെ പട്ടികയിലുണ്ടെന്നാണ് ആരോപണം. ദക്ഷിണകൊറിയയില്‍ നടക്കാനിരിക്കുന്ന ലോകബോക്‌സിങ് ചാമ്പ്യഷിന് തയ്യാറെടുക്കുന്ന താരങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.

നടപടിയില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് കേന്ദ്ര കായിക സെക്രട്ടറി അറിയിച്ചിട്ടുണ്ട്‌.

.

Latest Stories

We use cookies to give you the best possible experience. Learn more