| Tuesday, 24th December 2024, 3:21 pm

ഒന്നല്ല രണ്ടല്ല, ഒറ്റ ദിവസം മൂന്ന് ബോക്‌സിങ് ഡേ ടെസ്റ്റുകള്‍!! ഫൈനലിസ്റ്റിനെ നിശ്ചയിക്കുന്ന നിര്‍ണായക മത്സരവും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസംബര്‍ 26 ബോക്‌സിങ് ഡേയില്‍ ആരംഭിക്കുന്ന മത്സരം ഡിസംബര്‍ 30 വരെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. വിശ്വപ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് നിര്‍ണായകമായ ഇന്ത്യ – ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന് വേദിയാകുന്നത്.

എന്നാല്‍ ബോക്‌സിങ് ഡേയില്‍ നടക്കുന്ന ഒരേയൊരു ടെസ്റ്റ് മത്സരമല്ല ഇത്. ലോകത്തിന്റെ വിവിധ കോണുകളിലായി മറ്റ് രണ്ട് മത്സരങ്ങള്‍ കൂടി ബോക്‌സിങ് ഡേയില്‍ അരങ്ങേറുന്നുണ്ട്.

ക്രിസ്തുമസിന് ശേഷം തങ്ങള്‍ക്ക് ലഭിച്ച ഗിഫ്റ്റ് ബോക്‌സുകള്‍ തുറക്കുന്നതും, സമ്മാനങ്ങള്‍ ലഭിക്കാതെ പോയവര്‍ക്ക് ഗിഫ്റ്റ് നല്‍കുന്നതുമായ ബോക്‌സിങ് ഡേയില്‍ ഓസ്‌ട്രേലിയ മാത്രമല്ല സൗത്ത് ആഫ്രിക്കയും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുക പതിവാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ സെഞ്ചൂറിയനില്‍ ഇന്നിങ്‌സ് വിജയം നേടിയ ശേഷം ഇത്തവണ പാകിസ്ഥാനെയാണ് പ്രോട്ടിയാസ് നേരിടാനൊരുങ്ങുന്നത്.

പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ട് വണ്‍ ഓഫ് ടെസ്റ്റുകളില്‍ ആദ്യത്തേതാണ് ബോക്‌സിങ് ഡേയില്‍ അരങ്ങേറുന്നത്. സെഞ്ചൂറിയനാണ് വേദി.

ആതിഥേയരെ സംബന്ധിച്ച് ഈ മത്സരം ഏറെ നിര്‍ണായകവുമാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ സൗത്ത് ആഫ്രിക്കയ്ക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്നായി വെറും ഒരു വിജയമാണ് ആവശ്യമുള്ളത്. ഇതില്‍ ആദ്യത്തേതാണ് ബോക്‌സിങ് ഡേയില്‍ നടക്കുന്നത്.

നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീമാണ് സൗത്ത് ആഫ്രിക്ക. ഈ സീസണില്‍ കളിച്ച പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 63.33 എന്ന മികച്ച പോയിന്റ് ശതമാനമാണ് പ്രോട്ടിയാസിനുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്കും മൂന്നാമതുള്ള ഇന്ത്യയ്ക്കും യഥാക്രമം 58.89, 55.88 എന്നിങ്ങനെയാണ് പോയിന്റ് ശതമാനമുള്ളത്. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെ ടീമുകള്‍ക്കാണ് ഫൈനല്‍ കളിക്കാന്‍ അവസരമൊരുങ്ങുക.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ടീമുകള്‍ ബോക്‌സിങ് ഡേയില്‍ കളത്തിലിറങ്ങുന്നു എന്നതാണ് മറ്റൊരു പ്രധാന ആകര്‍ഷണം.

കരുത്തരുടെ മത്സരം മാത്രമല്ല, ക്രിക്കറ്റ് ലോകം അധികം ചര്‍ച്ച ചെയ്യാത്ത മറ്റൊരു മത്സരം കൂടി ബോക്‌സിങ് ഡേയില്‍ നടക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ സിംബാബ്‌വേ പര്യടനത്തിലെ രണ്ട് വണ്‍ ഓഫ് മത്സരങ്ങളില്‍ ആദ്യത്തേതാണ് ഇത്. ബുലവായോയിലെ ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.

അഫ്ഗാന്റെ സിംബാബ്‌വേ പര്യടനത്തിലെ ടി-20 പരമ്പരയും ഏകദിന പരമ്പരയും സന്ദര്‍ശകര്‍ വിജയിച്ചുകയറിയിരുന്നു. മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പര 2-1നും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-0നുമാണ് അഫ്ഗാന്‍ സിംഹങ്ങള്‍ വിജയിച്ചത്. ഇനി ടെസ്റ്റിലും വിജയിച്ച് സമ്പൂര്‍ണ വിജയമാണ് ടീം ലക്ഷ്യമിടുന്നത്.

Content Highlight: Boxing Day Test: India vs Australia, South Africa vs Pakistan, Zimbabwe vs Afghanistan

We use cookies to give you the best possible experience. Learn more