| Wednesday, 25th December 2024, 9:27 am

ഡിഷ്യൂം ഡിഷ്യൂം അല്ല 🥊❌, ഇത് വേറെ ബോക്‌സിങ്🎁 ; എന്താണ് ബോക്‌സിങ് ഡേ? എന്താണ് ബോക്‌സിങ് ഡേ ടെസ്റ്റ്?

സ്പോര്‍ട്സ് ഡെസ്‌ക്

ഡിസംബര്‍ 26, അഥവാ ക്രിസ്തുമസിന്റെ പിറ്റേ ദിവസം ബ്രിട്ടണിലും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും ബോക്‌സിങ് ഡേ ആയാണ് ആഘോഷിക്കുന്നത്. ബോക്‌സിങ് എന്നാല്‍ ഇടിക്കൂട്ടില്‍ ചോര തെറിപ്പിച്ചുള്ള ഫൈറ്റാണെന്ന് തെറ്റിദ്ധരിക്കരുത്, ഈ ബോക്‌സിങ് വേറെയാണ്. ഇവിടെ ബോക്‌സ് എന്നാല്‍ സമ്മാനപ്പൊതിയെന്നാണ് അര്‍ത്ഥം.

എങ്ങനെയാണ് ഡിസംബര്‍ 26 ബോക്‌സിങ് ഡേ ആയി മാറിയത്?

പണ്ട് ക്രിസ്തുമസിനും കടകളും പോസ്റ്റല്‍ സര്‍വീസുകളും മുടങ്ങാതെ പ്രവര്‍ത്തിച്ചിരുന്നു. സമ്മാനങ്ങളും ക്രിസ്തുമസ് സാധനങ്ങളും വാങ്ങാനും പ്രിയപ്പെട്ടവര്‍ക്ക് അത് അയച്ചുകൊടുക്കാനും ക്രിസ്തുമസ് അവരെ സംബന്ധിച്ച് പ്രവൃത്തി ദിനം തന്നെയായിരുന്നു. അതുപോലെ കടകളിലും പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റിലും ഒക്കെ ജോലി ചെയ്യുന്നവരും ക്രിസ്തുമസ് ദിവസം അവധി ഇല്ലാതെ ജോലി ചെയ്തു.

ഇതിന് പകരമായി ക്രിസ്തുമസിന്റെ പിറ്റേ ദിവസം അവര്‍ക്ക് അവധി നല്‍കിയിരുന്നു. ഒപ്പം അവരുടെ സേവനങ്ങള്‍ക്ക് പ്രത്യുപകാരമെന്നോണം അവര്‍ക്ക് സമ്മാനമായി ക്രിസ്മസ് ബോക്‌സുകളും നല്‍കിയിരുന്നു. ഇതില്‍ പണവും വസ്തുക്കളും എല്ലാം പെടും.

ക്രിസ്തുമസിന് ജോലിത്തിരക്കുകളില്‍ പെട്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വരവിനായി കുടുംബം കാത്തിരുന്നു. ബോണസ് അടങ്ങിയ ക്രിസ്തുമസ് ബോക്‌സുമായി അവര്‍ തിരിച്ചുവന്നു. ക്രിസ്തുമസ് ഒന്നിച്ച് ആഘോഷിക്കാന്‍ സാധിച്ചില്ലെങ്കിലും പിറ്റേ ദിവസം ഇവര്‍ ഒന്നിച്ച് ആഘോഷിച്ചു, ഒന്നിച്ച് ഭക്ഷണം കഴിച്ചു. ഇങ്ങനെയാണ് ഡിസംബര്‍ 26 ബോക്‌സിങ് ഡേ ആയി മാറിയത്.

ഇതിന് പുറമെ ക്രിസ്തുമസ് ദിനത്തില്‍ ലഭിച്ച സമ്മാനപ്പൊതികള്‍ തുറക്കുന്നു എന്ന രീതിയിലും ക്രിസ്തുമസിന് സമ്മാനം ലഭിക്കാതെ പോയ പാവങ്ങള്‍ക്ക് പിറ്റേ ദിവസം സമ്മാനങ്ങളടങ്ങുന്ന ബോക്‌സുകള്‍ നല്‍കുന്നു എന്ന രീതിയിലും ഡിസംബര്‍ 26ന് ബോക്‌സിങ് ഡേ എന്ന പേര് ലഭിച്ചു.

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ശേഷം എല്ലാവര്‍ക്കുമൊത്ത് ക്രിക്കറ്റ് മാച്ച് കണ്ടുകൂടെ എന്ന ചിന്തയില്‍ നിന്നാണ് ബോക്‌സിങ് ഡേ ടെസ്റ്റ് മാച്ചുകളുടെ ആരംഭം.

ഓസ്‌ട്രേലിയയിലും സൗത്ത് ആഫ്രിക്കയിലുമായാണ് ഇത്തരത്തില്‍ ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ നടക്കാറുള്ളത്.

ബോക്‌സിങ് ഡേയും സൗത്ത് ആഫ്രിക്കയും

1913ലാണ് സൗത്ത് ആഫ്രിക്ക ആദ്യ ബോക്‌സിങ് ഡേ ടെസ്റ്റ് മത്സരം കളിച്ചത്. ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. ജോഹനാസ്‌ബെര്‍ഗിലെ ഓള്‍ഡ് വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിനും 12 റണ്‍സിനും വിജയിച്ചു.

ഒമ്പത് വര്‍ഷത്തിന് ശേഷമാണ് സൗത്ത് ആഫ്രിക്ക മറ്റൊരു ബോക്‌സിങ് ഡേ ടെസ്റ്റ് കളിക്കുന്നത്. ഇംഗ്ലണ്ട് തന്നെയായിരുന്നു എതിരാളികള്‍. വേദിയാകട്ടെ അതേ ജോഹനാസ്‌ബെര്‍ഗും. എന്നാല്‍ ഇത്തവണ ആതിഥേയര്‍ 168 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കി.

തുടര്‍ന്ന് വിവിധ ടീമുകള്‍ സൗത്ത് ആഫ്രിക്കന്‍ മണ്ണിലെത്തി ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ കളിച്ചു.

1992ലാണ് ഇന്ത്യ ആദ്യമായി സൗത്ത് ആഫ്രിക്കയിലെത്തി ബോക്‌സിങ് ഡേ ടെസ്റ്റ് കളിക്കുന്നത്. സെന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് ആതിഥേയര്‍ ഇന്ത്യയെ പരാജയപ്പെടുത്തി.

വിവിധ സ്റ്റേഡിയങ്ങളിലായിട്ടാണ് സൗത്ത് ആഫ്രിക്കയുടെ ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ നടന്നിട്ടുള്ളത്. എന്നാല്‍ 2018 മുതല്‍ സെഞ്ചൂറിയനാണ് സൗത്ത് ആഫ്രിക്കയുടെ ബോക്‌സിങ് ഡേ ടെസ്റ്റിന് വേദിയാകുന്നത്.

കങ്കാരുക്കളുടെ ബോക്സിങ് ഡേ ടെസ്റ്റ്

1968ലാണ് ഓസീസിന്റെ ആദ്യ ബോക്‌സിങ് ഡേ ടെസ്റ്റ് അരങ്ങേറിയത്. വെസ്റ്റ് ഇന്‍ഡീസായിരുന്നു ഓസ്‌ട്രേലിയയുടെ എതിരാളികള്‍. മത്സരത്തില്‍ ഇന്നിങ്‌സിനും 30 റണ്‍സിനും ഓസ്‌ട്രേലിയ വിജയിച്ചുകയറി.

അന്നുതൊട്ട് ഇന്നുവരെ 43 ബോക്‌സിങ് ഡേ ടെസ്റ്റുകളാണ് നടന്നിട്ടുള്ളത്. എല്ലാ മത്സരത്തിനും മെല്‍ബണാണ് വേദിയായത്. ഇതില്‍ 26 മത്സരത്തിലും കങ്കാരുക്കള്‍ വിജയിച്ചുകയറി. 60.47 ശതമാനമാണ് ബോക്‌സിങ് ഡേയില്‍ ഓസീസിന്റെ വിജയം. എട്ട് കളിയില്‍ പരാജയപ്പെട്ടപ്പോള്‍ ഒമ്പത് മത്സരം സമനിലയിലും അവസാനിച്ചു.

ഓസ്ട്രേലിയേക്കാള്‍ എത്രയോ മുമ്പ് സൗത്ത് ആഫ്രിക്ക ഡിസംബര്‍ 26ന് ടെസ്റ്റുകള്‍ കളിക്കാന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഓസീസിന്റെ ബോക്സിങ് ഡേ ടെസ്റ്റുകളെ പോലെ പ്രോട്ടിയാസിന്റെ ബോക്സിങ് ഡേ ടെസ്റ്റുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. ഇക്കാരണത്താല്‍ ബോക്സിങ് ഡേ ടെസ്റ്റ് എന്ന പേര് ടെസ്റ്റ് ഓസ്ട്രേലിയുടെ മത്സരങ്ങളുടെ പര്യായമായി മാറി.

2024ലെ ബോക്‌സിങ് ഡേ

ഇത്തവണ ഒന്നല്ല, രണ്ടല്ല, മൂന്ന് ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടുമ്പോള്‍ സ്വന്തം തട്ടകമായ സെഞ്ചൂറിയനില്‍ സൗത്ത് ആഫ്രിക്ക പാകിസ്ഥാനെയും നേരിടും.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ടീമുകള്‍ ബോക്സിങ് ഡേയില്‍ കളത്തിലിറങ്ങുന്നു എന്നതാണ് മറ്റൊരു പ്രധാന ആകര്‍ഷണം.

കരുത്തരുടെ മത്സരം മാത്രമല്ല, ക്രിക്കറ്റ് ലോകം അധികം ചര്‍ച്ച ചെയ്യാത്ത മറ്റൊരു മത്സരം കൂടി ബോക്സിങ് ഡേയില്‍ നടക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ സിംബാബ്‌വേ പര്യടനത്തിലെ രണ്ട് വണ്‍ ഓഫ് മത്സരങ്ങളില്‍ ആദ്യത്തേതാണ് ഇത്. ബുലവായോയിലെ ക്യൂന്‍സ് സ്പോര്‍ട്സ് ക്ലബ്ബാണ് വേദി.

അഫ്ഗാന്റെ സിംബാബ്‌വേ പര്യടനത്തിലെ ടി-20 പരമ്പരയും ഏകദിന പരമ്പരയും സന്ദര്‍ശകര്‍ വിജയിച്ചുകയറിയിരുന്നു. മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പര 2-1നും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-0നുമാണ് അഫ്ഗാന്‍ സിംഹങ്ങള്‍ വിജയിച്ചത്. ഇനി ടെസ്റ്റിലും വിജയിച്ച് സമ്പൂര്‍ണ വിജയമാണ് ടീം ലക്ഷ്യമിടുന്നത്.

Content highlight: Boxing Day and Boxing Day Test

We use cookies to give you the best possible experience. Learn more