ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് ബോക്‌സര്‍ വിജേന്ദ്ര സിംഗ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് തിരികെ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘കരി നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് ഞാന്‍ തിരിച്ചുനല്‍കും – ” സിങ്കു അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 2009 ജൂലൈയിലാണ് അദ്ദേഹത്തിന് ഖേല്‍ രത്‌ന ലഭിച്ചത്.
ശനിയാഴ്ച കര്‍ഷകര്‍ക്ക് പിന്തുണയുമായി പാട്ടുകാരനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ് എത്തിയിരുന്നു.
താന്‍ കര്‍ഷകരെ കാണാനും അവരെ കേള്‍ക്കാനുമാണ് എത്തിയതെന്നും തനിക്ക് സംസാരിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളെ കേള്‍ക്കാനാണ്. എനിക്ക് സംസാരിക്കാനല്ല. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് നന്ദി. നിങ്ങള്‍ വീണ്ടും ഇവിടെയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
ദല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക