| Friday, 28th November 2014, 11:13 am

ബോക്‌സ് ഓഫീസ് റിസല്‍ട്ടുകളില്‍ വലിയ കാര്യമൊന്നുമില്ല: മേഘ്‌ന രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കന്നഡ സിനിമാ മേഖലയില്‍ നിറ സാന്നിധ്യമായിരിക്കുകയാണ് മലയാളിയായ മേഘ്‌ന രാജ്. മലയാളത്തില്‍ ഈ വര്‍ഷം രണ്ട് ചിത്രങ്ങള്‍ മാത്രമാണ് മേഘ്‌നയുടേതായി പുറത്തിറങ്ങിയത്. “100 ഡിഗ്രി സെല്‍ഷ്യസും”, “ദ ഡോള്‍ഫിന്‍സും”.

സെലക്ടീവ് ആയതാണ് തനിക്ക് ചിത്രങ്ങള്‍ കുറയാന്‍ കാരണമെന്നാണ് മേഘ്‌ന പറയുന്നത്. നല്ല സിനിമ ചെയ്യാനാണ് ആഗ്രഹം. സിനിമയ്ക്കുവേണ്ടി നിങ്ങളെടുത്ത ശ്രമങ്ങള്‍ അംഗീകരിക്കപ്പെടുന്നുണ്ടെങ്കില്‍ ബോക്‌സ് ഓഫീസ് ഫലങ്ങളിലൊന്നും കാര്യമില്ലെന്നും മേഘ്‌ന അഭിപ്രായപ്പെട്ടു.

അനൂപ് മേനോന്‍ മികച്ച നടനാണെന്നും മേഘ്‌ന പറയുന്നു. സ്വന്തം ജോലി നന്നായി അറിയുന്നയാളാണ് അദ്ദേഹം. നാലു ചിത്രങ്ങളില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.

കന്നഡ സിനിമകളില്‍ താന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. മലയാളത്തെ ഉപേക്ഷിക്കാന്‍ തനിക്കാവില്ല. തന്നെ നടിയാക്കിയത് മലയാള സിനിമയാണ്.

“യക്ഷിയും ഞാനും” ആണ് എന്റെ ആദ്യ ചിത്രം. “ബ്യൂട്ടിഫുള്‍” അഞ്ചാമത്തെ ചിത്രമാണ്. ആ ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രം തനിക്ക് മറക്കാന്‍ പറ്റാത്ത ഒന്നാണ്. ഈ ചിത്രമാണ് ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ക്ക് അടിത്തറ പാകിയത്. അതിനാല്‍ “ബ്യൂട്ടിഫുള്‍” ഒരു ക്ലാസിക്കായാണ് താന്‍ കരുതുന്നതെന്നും മേഘ്‌ന വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more