റിലീസിന് മുന്നേ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ വാക്കിലൂടെ ഹൈപ്പ് ലഭിച്ച സിനിമയായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുമെന്ന് സുഷിന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചു. ഭാഷയുടെ അതിര്‍ത്തികള്‍ താണ്ടി മഞ്ഞുമ്മല്‍ ബോയ്‌സ് സൗത്ത് ഇന്ത്യ മുഴുവന്‍ തരംഗമായി മാറി. ഒരു മലയാളസിനിമക്ക് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനും ഈ കൊച്ചു സിനിമ നേടി. 245 കോടിയാണ് ചിത്രം നേടിയത്
നാളെ പുലര്‍ച്ചെ ഒ.ടി.ടി റിലീസിനൊരുങ്ങുന്ന ചിത്രം തിയേറ്റര്‍ റണ്‍ അവസാനിപ്പിക്കുമ്പോള്‍ ബോക്‌സ് ഓഫീസിലെ നിരവധി റെക്കോഡുകളാണ് തകര്‍ത്തെറിഞ്ഞത്. റിലീസ് ചെയ്ത് 75 ദിവസം പിന്നിടുമ്പോള്‍ 1.15 കോടി ഫുട്ഫാള്‍(ആകെ വിറ്റഴിക്കപ്പെട്ട ടിക്കറ്റുകള്‍) എന്ന റെക്കോഡ് നേടിയാണ് മഞ്ഞുമ്മലിലെ പിള്ളേര്‍ തിയേറ്റര്‍ വിടുന്നത്.
മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ ഒരു മലയാള സിനിമയെ തമിഴ് പ്രേക്ഷകര്‍ ആഘോഷിക്കുന്ന കാഴ്ചയും മഞ്ഞുമ്മല്‍ ബോയ്‌സ് കാണിച്ചു തന്നു. കണ്മണി അന്‍പോട് കാതലന്‍ എന്ന ഗാനം ചിത്രത്തില്‍ കേള്‍ക്കുമ്പോള്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകളിലുയര്‍ന്ന കൈയടികളുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 60 കോടി നേടുന്ന ആദ്യ മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി. തമിഴ് ഡബ്ബ് ഇല്ലാതെ തമിഴ്‌നാട്ടില്‍ നിന്ന് ഒരു സിനിമ ഇത്രയധികം കളക്ഷന്‍ നേടുന്നത് അപൂര്‍വമായ കാര്യമാണ്. തമിഴിലെ പല താരങ്ങളുടെയും കരിയര്‍ ബെസ്റ്റ് കളക്ഷന്‍ തകര്‍ത്തുകൊണ്ടാണ് മഞ്ഞുമ്മലിലെ പിള്ളേര്‍ ഈ നേട്ടം നേടിയത്.
സൗത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോഡും മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കി. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയില്‍ ഈ വര്‍ഷം ഏറ്റവുമധികം ടിക്കറ്റ് വിറ്റഴിക്കപ്പെട്ട ഇന്ത്യന്‍ സിനിമകളില്‍ രണ്ടാം സ്ഥാനം മഞ്ഞുമ്മല്‍ ബോയ്‌സിനാണ്. 35 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്ക്‌മൈഷോയിലൂടെ വിറ്റത്. വമ്പന്‍ സ്റ്റാറുകളെക്കാള്‍ കണ്ടന്റുകളാണ് മികച്ച സിനിമയുടെ മാനദണ്ഡമെന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് തെളിയിച്ചു.
Content Highlight: Box Office records achieved by Manjummel Boys