മലയാളസിനിമയെ സംബന്ധിച്ച് സ്വപ്‌നതുല്യമായ കുതിപ്പ് നടത്തിയ വര്‍ഷമാണ് 2024. ഈ വര്‍ഷം പകുതിയോടടുക്കുമ്പോള്‍ നാല് സിനിമകളാണ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്. അതില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളസിനിമയിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടിയ സിനിമയായി മാറുകയും ചെയ്തു. പല ഴോണറുകളിലുള്ള സിനിമകള്‍ സാമ്പത്തികമായി വലിയ വിജയം നേടിയതോടെ മലയാളസിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിലായി മാറി.
എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രികളായ കോളിവുഡും ബോളിവുഡും കിതക്കുന്ന കാഴ്ചയാണ് ഈ വര്‍ഷം കാണാന്‍ സാധിച്ചത്. ഒരു കാലത്ത് ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് ആണെന്ന് പലരും ധരിച്ചുവെച്ച സ്ഥലത്ത് നിന്നാണ് ഈ പതനം. കഴിഞ്ഞ വര്‍ഷം ഷാരൂഖിന്റെ രണ്ട് സിനിമകള്‍ 1000 കോടി നേടിയപ്പോള്‍ ബോളിവുഡ് തിരിച്ചുവന്നു എന്ന് ധരിച്ചുവെങ്കിലും ഈ വര്‍ഷം പഴയതിലും പരിതാപകരമായി ബോളിവുഡിന്റെ അവസ്ഥ.
ഹൃതിക് റോഷന്‍ നായകനായ ഫൈറ്റര്‍ 320 കോടി നേടിയതാണ് ബോളിവുഡിലെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമ. എന്നാല്‍ സിനിമയുടെ ബജറ്റ് തന്നെ 200 കോടിക്ക് മുകളിലായതിനാല്‍ വിതരണക്കാര്‍ക്ക് ചിത്രം വലിയ നഷ്ടമുണ്ടാക്കി. ഗുജറാത്തി ചിത്രമായ വശിന്റെ റീമേക്കായ ശൈത്താനാണ് 100 കോടി നേടിയ മറ്റൊരു ബോളിവുഡ് സിനിമ. കരീന കപൂര്‍, തബു, കൃതി സനോണ്‍ എന്നിവരൊന്നിച്ച ക്രൂവും 100 കോടി ക്ലബ്ബില്‍ ഇടം നേടി.
350 കോടി ബജറ്റില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ സിനിമയെന്ന ലേബലില്‍ റിലീസായ ബഡേ മിയാന്‍ ചോട്ടേ മിയാന്‍ ഇന്‍ഡസ്ട്രി കണ്ട ഏറ്റവും വലിയ പരാജയമായി മാറി. 90 കോടി മാത്രമാണ് അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും പൃഥ്വിരാജും ഒന്നിച്ച സിനിമ കളക്ട് ചെയ്തത്. രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സ്വതന്ത്ര വീര്‍ സവര്‍ക്കറും ഈ വര്‍ഷത്തെ പരാജയ സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ വിജയിക്കാന്‍ 100 ശതമാനം അര്‍ഹതയുണ്ടായിട്ടും തിയേറ്ററില്‍ പരാജയം രുചിച്ച സിനിമകളായിരുന്നു ലാപതാ ലേഡീസും മൈദാനും. ആമിര്‍ ഖാന്‍ നിര്‍മിച്ച ലാപതാ ലേഡീസ് വളരെ സിംപിളായിട്ടുള്ള കഥ രസകരമായി അവതരിപ്പിച്ച സിനിമയായിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിന് ധാരാളം പ്രശംസകള്‍ ലഭിച്ചിരുന്നു.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലത്തെ തിരശ്ശീലിയില്‍ വരച്ചിട്ട മൈദാന്‍ ബോളിവുഡിലെ ഈ വര്‍ഷത്തെ മികച്ച സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഒന്നാണ്. അജയ് ദേവ്ഗണ്ണിന്റെ ഗംഭീര പ്രകടനവും എ.ആര്‍. റഹ്‌മാന്റെ മാന്ത്രിക സംഗീതവുമാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. എന്നാല്‍ 200 കോടി ബജറ്റില്‍ വന്ന സിനിമയെ ബോളിവുഡ് പ്രേക്ഷകര്‍ കൈയൊഴിയുകയാണുണ്ടായത്. ഇതോടെ വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമകളില്‍ നിന്ന് പ്രൊഡക്ഷന്‍ കമ്പനികള്‍ പിന്‍വാങ്ങുകയും ചെയ്യുന്നുണ്ട്. ബോളിവുഡിന് ഇനിയൊരു തിരിച്ചുവരവെന്നത് വിദൂര സാധ്യത മാത്രമാണ്.
കേരളത്തില്‍ മലയാളസിനിമകളെക്കാള്‍ കൂടുതല്‍ വരുമാനം നേടിയിരുന്ന ഇന്‍ഡസ്ട്രിയായിരുന്നു കോളിവുഡ്. എന്നാല്‍ ഈ വര്‍ഷം അത്തരത്തില്‍ ഒരൊറ്റ സിനിമ പോലും ഇറങ്ങിയിരുന്നില്ല. രജിനികാന്തിന്റെ സാന്നിധ്യമുണ്ടായിട്ടു കൂടി 50 കോടി പോലും നേടാന്‍ കഴിയാത്ത ലാല്‍ സലാം പോലും തമിഴ് സിനിമയില്‍ പരാജയങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
തമിഴ് സിനിമാ വ്യവസായത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന പൊങ്കലില്‍ ഈ വര്‍ഷം ഏറ്റുമുട്ടിയത് ശിവകാര്‍ത്തികേയനും ധനുഷുമായിരുന്നു. എന്നാല്‍ രണ്ട് സിനിമകളും പ്രതീക്ഷിച്ച വിജയം നേടിയില്ല. പൊങ്കലിന് ശേഷം തമിഴ് ഇന്‍ഡസ്ട്രി ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെയായിരുന്നു. പഴയ സിനിമകള്‍ റീ റിലീസ് ചെയ്തുകൊണ്ടാണ് പല തിയേറ്ററുകളും ആളെ നിറച്ചത്. അതില്‍ തന്നെ വിജയ് ചിത്രം ഗില്ലിയുടെ റീ റിലീസ് തമിഴ്‌നാടിനൊപ്പം കേരളത്തിലും ആഘോഷമായി.
സുന്ദര്‍ സി സംവിധാനം ചെയ്ത അരന്മനൈ, വിജയ് സേതുപതിയുടെ 50ാം ചിത്രം മഹാരാജ എന്നീ സിനിമകളാണ് ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ ഇടം നേടിയ തമിഴ് സിനിമകള്‍. തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 60 കോടി നേടി മഞ്ഞുമ്മല്‍ ബോയ്‌സും ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച വര്‍ഷം കൂടിയാണ് 2024.
20ഓളം സിനിമകളാണ് തമിഴില്‍ ഈ വര്‍ഷം റീ റിലീസ് ചെയ്തത്. തമിഴില്‍ ഏറ്റവുമധികം ബിസിനസ് ഉണ്ടാക്കുന്ന നടന്മാരായ വിജയ്, രജിനികാന്ത്, അജിത്, സൂര്യ, കമല്‍ ഹാസന്‍ എന്നിവരുടെ സിനിമകള്‍ ഫെസ്റ്റിവല്‍ റിലീസില്ലാത്തത് ഇന്‍ഡസ്ട്രിയെ സാരമായി ബാധിച്ചു. 2024ന്റെ രണ്ടാം പകുതിയില്‍ വരാന്‍ പോകുന്ന വമ്പന്‍ പ്രൊജക്ടുകള്‍ ഇന്‍ഡസ്ട്രിയുടെ തലവര മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Box office of situation of Bollywood and Kollywood in first half of 2024