| Tuesday, 9th July 2024, 11:12 am

വിജയ്, ദുല്‍ഖര്‍, മോഹന്‍ലാല്‍... കേരളാ ബോക്‌സ് ഓഫീസിന്റെ രാജാവാരെന്ന് സെപ്റ്റംബറില്‍ അറിയാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളാ ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരാണ് മോഹന്‍ലാലും ദുല്‍ഖറും വിജയ്‌യും. ഇവര്‍ മൂന്ന് പേരുടെയും സിനിമകള്‍ ആരാധകര്‍ ആഘോഷിക്കുന്നത് പോലെ മറ്റൊരു നടന്റെ സിനിമയും ആഘോഷിക്കാറില്ല. ആദ്യദിന കളക്ഷനില്‍ തന്നെ ഇവരുടെ റേഞ്ച് എന്താണെന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതുമാണ്.

ഇപ്പോഴിതാ മൂന്ന് പേരുടെയും സിനിമകള്‍ ഒരേ മാസം റിലീസ് ചെയ്യാന്‍ പോവുകയാണ്. മൂന്നും വെവ്വേറെ ഭാഷകളിലുള്ള സിനിമകളാണെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ബാറോസ്, രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, സീതാ രാമത്തിന് ശേഷമുള്ള ദുല്‍ഖറിന്റെ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ എന്നീ സിനിമകളാണ് ഒരുമിച്ച് തിയേറ്ററുകളിലെത്തുന്നത്.

പൂര്‍ണമായും ത്രീഡിയില്‍ ചിത്രീകരിച്ച ബാറോസ് കൊവിഡ് സമയത്ത് ഷൂട്ട് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. പിന്നീടാണ് ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം സമ്മര്‍ റിലീസായി വരുമെന്ന് അറിയിച്ച ചിത്രം റിലീസ് മാറ്റിവെക്കേണ്ടി വന്നിരുന്നു. ഒടുവില്‍ ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മോഹന്‍ലാലിന്റേതായി ഈ വര്‍ഷം റിലീസ് ചെയ്ത മലൈക്കോട്ടൈ വാലിബന്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയിരുന്നു. പുതിയ റോളില്‍ മോഹന്‍ലാല്‍ എങ്ങനെയുണ്ടാകുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

തമിഴ് സിനിമ ഇതുവരെ കാണാത്ത ഹൈപ്പില്‍ പുറത്തിറങ്ങിയ ലിയോ തമിഴ്‌നാട്ടില്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 60 കോടിയോളമാണ് ലിയോ നേടിയത്. കേരള ബോക്‌സ് ഓഫീസിലെ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടിയതും ലിയോയാണ്. 12 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. മലയാളത്തിലെ മറ്റൊരു നടനും ആദ്യദിനം ഡബിള്‍ ഡിജിറ്റ് തൊടാന്‍ കഴിഞ്ഞിട്ടില്ല എന്നറിയുമ്പോഴാണ് വിജയ്ക്ക് കേരളത്തിലുള്ള സ്വാധീനം മനസിലാകുന്നത്.

വന്‍ പ്രതീക്ഷയിലെത്തിയ കിങ് ഓഫ് കൊത്ത കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറിയ ശേഷം ദുല്‍ഖര്‍ നായകനാകുന്ന ആദ്യ ചിത്രമാണിത്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ നെഗറ്റീവ് റിവ്യൂ വന്നിട്ടും ഏഴരക്കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ബോക്‌സ് ഓഫീസിലെ ക്രൗഡ് പുള്ളര്‍മാരിലൊരാളായ ദുല്‍ഖര്‍ ഇത്തവണയും തന്റെ വിശ്വരൂപം പുറത്തെടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സെപ്റ്റംബര്‍ അഞ്ചിനാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം റിലീസ് ചെയ്യുന്നത്. വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. വാത്തിക്ക് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്‌കര്‍ സെപ്റ്റംബര്‍ ഏഴിന് തിയേറ്ററുകളെത്തും. ഓണം റിലീസായ ബാറോസ് സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തുമ്പോള്‍ കേരളാ ബോക്‌സ് ഓഫീസിന്റെ രാജാവാരാണെന്നുള്ളതില്‍ കൃത്യമായ ഉത്തരം ലഭിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

Content Highlight: Box Office of clash of Mohanlal, Dulquer Salman and Vijay in same month

We use cookies to give you the best possible experience. Learn more