രജിനികാന്തിനെ നായകനാക്കി ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് വേട്ടയന്‍. രജിനികാന്തിന് പുറമെ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, റിതിക സിങ്, ദുഷാര വിജയന്‍ എന്നിങ്ങനെ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന് വേണ്ടി അണിനിരന്നിട്ടുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രമായതുകൊണ്ടും രജിനി നായകനായെത്തുന്നതിനാലും സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വേട്ടയന്‍. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിനം ലോകത്താകമാനമുള്ള തിയേറ്ററുകളില്‍ നിന്ന് 77 കോടിക്ക് മുകളില്‍ ചിത്രം നേടിയെങ്കിലും പിന്നീട് വേണ്ട രീതിയില്‍ കളക്ഷന്‍ നേടാന്‍ സിനിമക്ക് കഴിഞ്ഞില്ല.
തിങ്കളാഴ്ച ഇന്ത്യയില്‍ നിന്ന് മാത്രം 5.35 കോടിയാണ് വേട്ടയന്റെ ബോക്സ് ഓഫീസ് കളക്ഷന്‍. നാലാം ദിവസം നേടിയ 23 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 70 ശതമാനത്തിലധികം കുറവാണ് ബോക്‌സ് ഓഫീസ് കളക്ഷനില്‍ വന്നിരിക്കുന്നത്. അന്താരാഷ്ട്ര സര്‍ക്യൂട്ടുകളിലും വേട്ടയാന്റെ വളര്‍ച്ച തണുപ്പന്‍ മട്ടിലാണ്. ചിത്രം റിലീസായി അഞ്ചാം ദിവസം കഴിഞ്ഞപ്പോള്‍ വിദേശത്തുനിന്നുള്ള മൊത്തം ഗ്രോസ് 69 കോടിയായി. വേട്ടയന്‍ ഇതുവരെ ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടി നേടി.
ഈ വര്‍ഷം 200 കോടി ക്ലബ്ബില്‍ കയറുന്ന രണ്ടാമത്തെ തമിഴ് ചിത്രമെന്ന നേട്ടം വേട്ടയനുണ്ട്. 2024 ലെ 200 കോടി ക്ലബ്ബില്‍ കയറുന്ന ആദ്യ തമിഴ് സിനിമ വിജയ് നായകനായി എത്തിയ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണ്. വിജയിയുടെ 68ാമത് ചിത്രമായ ഗോട്ട് സംവിധാനം ചെയ്തത് വെങ്കട്ട് പ്രഭുവായിരുന്നു. 400 കോടി ബഡ്ജറ്റില്‍ വന്ന ചിത്രം സെപ്റ്റംബര്‍ അഞ്ചിനായിരുന്നു റിലീസ് ചെയ്തത്.
Content Highlight: Box Office Collection Of Vettaiyan Movie