| Saturday, 22nd April 2023, 12:15 pm

പരാജയത്തിലേക്ക് കൂപ്പുകുത്തി ശാകുന്തളം, 20 കോടിയിലധികം നഷ്ടമെന്ന് റിപ്പോര്‍ട്ടുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാമന്ത, ദേവ് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗുണശേഖര്‍ സംവിധാനം ചെയ്ത് ഏപ്രില്‍ 21ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ശാകുന്തളം. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. സാമന്ത ശകുന്തളയായും ദേവ് മോഹന്‍ ദുഷ്യന്തനായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്.

വലിയ പ്രതീക്ഷകളോടെ തിയേറ്ററിലെത്തിയ ശാകുന്തളം ആദ്യ ദിവസം തന്നെ പരാജയത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 60 കോടിക്ക് മുകളില്‍ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ സിനിമക്ക് പ്രതീക്ഷിച്ച കളക്ഷന്‍ നേടാന്‍ സാധിച്ചില്ല.

ചിത്രത്തിന്റെ ടി.വി റൈറ്റ് 15 കോടിക്ക് വില്‍ക്കാനുള്ള ചര്‍ച്ചകള്‍ നിര്‍മാതാക്കള്‍ നടത്തി വരികയാണെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം 20 കോടിയിലധികം നഷ്ടം നിര്‍മാതാക്കള്‍ക്ക് വന്നിട്ടുണ്ടാകുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സുമായി ചേര്‍ന്ന് ഗുണാ ടീം വര്‍ക്‌സിന്റെ ബാനറില്‍ നീലിമ ഗുണയാണ് ചിത്രം നിര്‍മിച്ചത്. ആര്‍.ആര്‍.ആര്‍, പുഷ്പ തുടങ്ങിയ പാന്‍ ഇന്ത്യന്‍ സിനിമകളിലൂടെ ലോകതലത്തില്‍ വരെ ചര്‍ച്ചയായ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയിലാണ് ഇത്ര വലിയ പരാജയം സംഭവിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ മേക്കിങ്ങിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. സംഭാഷണങ്ങള്‍ക്കും വി.എഫ്.എക്‌സിനും എതിരെയൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

content highlight: box office collection of shakunthalam movie

We use cookies to give you the best possible experience. Learn more