Film News
പ്രേമയുഗത്തിനിടയിലും മികച്ച കളക്ഷനുമായി അന്വേഷിപ്പിന്‍ കണ്ടെത്തും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 24, 11:37 am
Saturday, 24th February 2024, 5:07 pm

കുഴിച്ചുമൂടപ്പെട്ട സത്യങ്ങളൊക്കെ വെളിച്ചത്തുകൊണ്ടുവരുന്നതിനായുള്ള എസ്.ഐ ആനന്ദിന്റെ പരിശ്രമങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ആഗോള ബോക്‌സോഫീസില്‍ 40 കോടി കളക്ഷനാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രം നേടിയിരിക്കുന്നത്.

പുത്തന്‍ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ചിത്രം. നാളെ മുതല്‍ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുകയാണ്.

സാംബിയയിലും ജൊഹാനസ്ബര്‍ഗിലും സെഷെല്‍സിലും ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ പ്രദര്‍ശനമുണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി ഒമ്പതിനായിരുന്നു കേരളത്തിലും കേരളത്തിന് പുറത്തും ജി.സി.സി രാജ്യങ്ങളിലും ഉള്‍പ്പെടെ ചിത്രം റിലീസ് ചെയ്തത്.

സിനിമയുടെ ഒ.ടി.ടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സാണ് സ്വന്തമാക്കിയത്. നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തിയ ചിത്രം ഒരുക്കിയിരിക്കുന്നത് ഡാര്‍വിന്‍ കുര്യാക്കോസാണ്.

ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി. എബ്രഹാമാണ്.

പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്. തൊണ്ണൂറുകളുടെ ആരംഭത്തില്‍ കേരളത്തില്‍ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

എസ്.ഐ ആനന്ദ് നാരായണന്‍ എന്ന പൊലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവിനോ ചിത്രത്തിലുള്ളത്. മുമ്പ് താരം അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് ഈ വേഷം ടൊവിനോ സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്നത്.

ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകന്‍, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, വെട്ടുകിളി പ്രകാശ്, രമ്യ സുവി, അനഘ മായ രവി, അശ്വതി മനോഹരന്‍, അര്‍ത്ഥന ബിനു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ ഒന്നിക്കുന്നു.

സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ്. തൊണ്ണൂറുകളിലെ കഥ സംസാരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ് നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Box office collection of Anweshippin Kandethum Movie