ഐ.സി.സി ലോകകപ്പിന്റെ 13ാം എഡിഷനിലെ രണ്ടാം മത്സരം പുരോഗമിക്കുകയാണ്. രണ്ടാം മത്സരത്തില്‍ കരുത്തരായ പാകിസ്ഥാന്‍ ക്വാളിഫയേഴ്‌സിലൂടെ ലോകകപ്പിനെതിതിയ നെതര്‍ലന്‍ഡ്‌സിനെയാണ് നേരിടുന്നത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പാകിസ്ഥാന്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് നെതര്‍ലന്‍ഡ്‌സ് പച്ചപ്പടയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞു. ക്യാപ്റ്റന്‍ ബാബര്‍ അസമിനെയടക്കം ചെറിയ സ്‌കോറിന് പുറത്താക്കിയാണ് അസോസിയേറ്റ് രാജ്യം കരുത്തുകാട്ടിയത്.
എന്നാല്‍ നാലാം നമ്പറിലിറങ്ങിയ മുഹമ്മദ് റിസ്വാന്റെയും ആദ്യ ലോകകപ്പിനിറങ്ങിയ സൗദ് ഷക്കീലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ പാകിസ്ഥാന്റെ 49 ഓവറില്‍ 286 റണ്‍സ് നേടി.
ഒമ്പത് ഓവറില്‍ 62 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ബാസ് ഡി ലീഡാണ് പാകിസ്ഥാന്‍ ബൗളിങ് നിരയെ ആക്രമിച്ചത്. മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഹസന്‍ അലി എന്നിവരെയാണ് ലീഡ് പുറത്താക്കിയത്.
Beauty from Bas!😍
Rizwan’s defence is finally breached and Pakistan are now 5 down for 182. #NEDvsPAK #CWC23 pic.twitter.com/T0m9X8371k
— Cricket🏏Netherlands (@KNCBcricket) October 6, 2023
നെതര്‍ലന്‍ഡ്‌സിനായി കോളിന്‍ അക്കര്‍മാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആര്യന്‍ ദത്ത്, ലോഗന്‍ വാന്‍ ബീക്, പോള്‍ വാന്‍ മീകരെന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ബാസ് ഡി ലീഡിന്റെ പ്രകടനം കണ്ട നെതര്‍ലന്‍ഡ്‌സ് ആരാധകര്‍ ഒറ്റയടിക്ക് 20 വര്‍ഷം പുറകിലേക്ക് സഞ്ചരിച്ച് 2003 ലോകകപ്പിലെത്തി നില്‍ക്കുകയായിരുന്നു. അന്ന് ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ച ബാസ് ഡി ലീഡിന്റെ അച്ഛനായ ടിം ഡി ലീഡിന്റെ പ്രകടനമാണ് ആരാധകര്‍ ഓര്‍ത്തെടുത്തത്.
മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയടക്കം നാല് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ലീഡ് ആരാധകരെ ഞെട്ടിച്ചത്. 9.5 ഓവറില്‍ 35 റണ്‍സ് വഴങ്ങിയാണ് ലീഡ് നാല് വിക്കറ്റ് വീഴ്ത്തിയത്.
സച്ചിന് പുറമെ രാഹുല്‍ ദ്രാവിഡ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍ എന്നിവരുടെ വിക്കറ്റാണ് ലീഡ് സ്വന്തമാക്കിയത്. ഇതിന് പുറമെ ദിനേഷ് മോംഗിയയുടെയും അനില്‍ കുംബ്ലെയുടെയും റണ്‍ ഔട്ടിനും താരം കാരണമായിരുന്നു.
ലീഡിന്റെ ബൗളിങ് കരുത്തില്‍ ഇന്ത്യ 204 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനറങ്ങിയ നെതര്‍ലന്‍ഡ്‌സിന് ഇന്ത്യയുടെ ബൗളിങ്ങിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 136ന് ടീം ഓള്‍ ഔട്ടാവുകയായിരുന്നു. അനില്‍ കുംബ്ലെയും ജവഗല്‍ ശ്രീനാഥും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഹര്‍ഭജനും സഹീറും ഓരോ വിക്കറ്റും നേടി.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും കളിയുടെ താരമായി തെരഞ്ഞെടുത്തത് ലീഡിനെയായിരുന്നു.
അതേസമയം, പാകിസ്ഥാനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച നെതര്‍ലന്‍ഡ്‌സ് പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 47ന് ഒന്ന് എന്ന നിലയിലാണ്. 12 പന്തില്‍ അഞ്ച് റണ്‍സ് നേടിയ മാക്‌സ് ഓ ഡൗഡിന്റെ വിക്കറ്റാണ് ഓറഞ്ച് ആര്‍മിക്ക് നഷ്ടമായത്. ഹസന്‍ അലിയാണ് വിക്കറ്റ് വീഴ്ത്തിയത്. 31 പന്തില്‍ 21 റണ്‍സുമായി വിക്രംജീത് സിങ്ങും 18 പന്തില്‍ 16 റണ്‍സുമായി കോളിന്‍ അക്കര്‍മാനുമാണ് ക്രീസില്‍.
Content highlight: Bowling performance of Bas de Leede and Tim de Leede