| Thursday, 13th July 2023, 3:43 pm

'ഞാനും മോനുമാണ് സ്ഥിരം വേട്ടമൃഗം'' അച്ഛന്‍-മകന്‍ കോംബോയിലെ അഞ്ചില്‍ മൂന്നും ചന്ദര്‍പോള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്ക് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഡൊമനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്കിലാണ് നടക്കുന്നത്.

മത്സരത്തില്‍ ടോസ് നേടി വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിന്റെ കണക്കുകൂട്ടലുകള്‍ ഒന്നാകെ പിഴക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേട്ടവുമായി ആര്‍. അശ്വിന്‍ ആറാടിയപ്പോള്‍ വിന്‍ഡീസ് 150 റണ്‍സിന് ഓള്‍ ഔട്ടായി.

ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, തഗനരെയ്ന്‍ ചന്ദര്‍പോള്‍, അലിക് അതനാസെ, അല്‍സാരി ജോസഫ്, ജോമെല്‍ വാരികന്‍ എന്നിവരെയാണ് അശ്വിന്‍ മടക്കിയത്. 24.3 ഓവറില്‍ 60 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ ഫൈഫര്‍ തികച്ചത്.

സൂപ്പര്‍ താരം തഗനരെയ്‌നെ പുറത്താക്കിയാണ് അശ്വിന്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഇതോടെ ഒരു അപൂര്‍വ നേട്ടവും അശ്വിനെ തേടിയെത്തിയിരുന്നു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ അച്ഛനെയും മകനെയും പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തില്‍ തഗനരെയ്‌നെ പുറത്താക്കിയ അശ്വിന്‍ മുമ്പ് അദ്ദേഹത്തിന്റെ അച്ഛനും ക്രിക്കറ്റ് ലെജന്‍ഡുമായ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനെയും പുറത്താക്കിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അച്ഛനെയും മകനെയും പുറത്താക്കുന്ന അഞ്ചാമത് ബൗളറാണ് അശ്വിന്‍. ഇതില്‍ മൂന്ന് ബൗളര്‍മാരും ശിവ്‌നരെയ്‌നെയും തഗനരെയ്‌നെയും തന്നെയാണ് പുറത്താക്കിയിരിക്കുന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ അച്ഛനെയും മകനെയും പുറത്താക്കിയ ബൗളര്‍മാര്‍

(താരം – രാജ്യം – പുറത്താക്കിയ അച്ഛന്‍-മകന്‍ ഡുവോ എന്നീ ക്രമത്തില്‍)

ഇയാന്‍ ബോതം – ഇംഗ്ലണ്ട് – ലാന്‍സ് കെയ്ന്‍സ് & ക്രിസ് കെയ്ന്‍സ് (ന്യൂസിലാന്‍ഡ്)

വസീം അക്രം – പാകിസ്ഥാന്‍ – ലാന്‍സ് കെയ്ന്‍സ് & ക്രിസ് കെയ്ന്‍സ് (ന്യൂസിലാന്‍ഡ്)

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ & തഗനരെയ്ന്‍ ചന്ദര്‍പോള്‍ (വെസ്റ്റ് ഇന്‍ഡീസ്)

സൈമണ്‍ ഹാര്‍മര്‍ – ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ & തഗനരെയ്ന്‍ ചന്ദര്‍പോള്‍ (വെസ്റ്റ് ഇന്‍ഡീസ്)

ആര്‍. അശ്വിന്‍ – ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ & തഗനരെയ്ന്‍ ചന്ദര്‍പോള്‍ (വെസ്റ്റ് ഇന്‍ഡീസ്)

അതേസമയം, അശ്വിന്‍ ഫൈഫര്‍ നേടി തിളങ്ങിയ മത്സരത്തില്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കിയിരുന്നു.

99 പന്തില്‍ നിന്നും ആറ് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും 47 റണ്‍സ് നേടിയ അലിക് അതനാസെ ആണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിവസത്തെ കളിയവസാനിക്കുമ്പോള്‍ 23 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റണ്‍സ് എന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ യശസ്വി ജെയ്‌സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍.

ജെയ്‌സ്വാള്‍ 73 പന്തില്‍ നിന്നും 40 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ 65 പന്തില്‍ നിന്നും 30 റണ്‍സും നേടി.

Content Highlight: Bowlers to dismiss Father-Son duo in test

We use cookies to give you the best possible experience. Learn more