ആഘോഷങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ക്രിക്കറ്റ് ലോകം. സെഞ്ച്വറി നേടുമ്പോഴോ വിക്കറ്റുകള്‍ നേടുമ്പോഴോ താരങ്ങളുടെ സെലിബ്രേഷനുകളും ക്രിക്കറ്റില്‍ ചര്‍ച്ചയാവാറുണ്ട്.
വിക്കറ്റ് നേടിയ ശേഷം സഹതാരങ്ങള്‍ക്കൊന്നും പിടി നല്‍കാതെയുള്ള ഇമ്രാന്‍ താഹിറിന്റെ ഓട്ടവും ഷെല്‍ഡന്‍ കോട്രലിന്റെ സല്യൂട്ടും ബ്രെറ്റ് ലീയുടെ ഐക്കോണിക് സെലിബ്രേഷനുകളും ഇതിന് ഉദാഹരണങ്ങളാണ്.
എന്നാല്‍, ചില സമയങ്ങളില്‍ ഇത്തരം ആഘോഷങ്ങള്‍ അതിരുകടക്കാറുമുണ്ട്. സ്ലെഡ്ജിംഗിന്റെ ഭാഗമായി നടക്കുന്ന ഇത്തരം ആഘോഷങ്ങള്‍ക്ക് താരങ്ങള്‍ കളിയിലൂടെ തന്നെ മറുപടി നല്‍കാറുമുണ്ട്.
അത്തരത്തില്‍ ഒരു സംഭവത്തിനാണ് ഇ.സി.എല്‍ ടി-10 ലീഗ് സാക്ഷ്യം വഹിച്ചത്. ടണ്‍ബ്രിഡ്ജ് വെല്‍സും ഡ്ര്യൂക്‌സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ഇത്തരത്തിലൊരു ‘ഇന്‍സ്റ്റന്റ് കര്‍മ മൊമന്റ്’ ഉണ്ടായത്.
ഡ്ര്യൂക്‌സ് ബൗളര്‍ വാഹിദ് അബ്ബാസ് വെല്‍സ് താരം മാര്‍കസിന്റെ വിക്കറ്റ് നേടിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. മാര്‍ക്കസിന്റെ വിക്കറ്റ് നേടിയ ശേഷം അബ്ബാസ് തന്റെ ഷൂസ് അഴിച്ച് ‘ബാറ്റര്‍ പവലിയനിലേക്ക് മടങ്ങി വരുന്നു’ എന്ന തരത്തില്‍ ഫോണ്‍ വിളിക്കുന്നതായി കാണിച്ചായിരുന്നു വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
പിന്നീടങ്ങോട്ടാണ് കൂടുതല്‍ രസകരമായ സംഭവങ്ങള്‍ക്ക് തുടക്കമായത്. മാര്‍കസിന്റെ സഹതാരം ക്രിസ് വില്യംസ് ബൗളറെ സിക്‌സറിന് പറത്തിയ ശേഷം അബ്ബാസിന്റെ അതേ ഫോണ്‍ കോള്‍ സെലിബ്രേഷന്‍ അനുകരിക്കുകയായിരുന്നു. ‘ബോള്‍ പവലിയനിലേക്ക് അടിച്ചു വിട്ടിട്ടുണ്ട്’ എന്ന തരത്തില്‍ ബാറ്റുകൊണ്ട് ടീമിന് ഫോണ്‍ ചെയ്തായിരുന്നു വില്യംസ് മാര്‍കസിന് വേണ്ടി പകരം വീട്ടിയത്.
എന്നാല്‍ അവിടം കൊണ്ട് നിര്‍ത്താനും വില്യംസ് ഒരുക്കമായിരുന്നില്ല, തൊട്ടടുത്ത പന്തിലും സിക്‌സറിക്കുകയും അതേ സെലിബ്രേഷന്‍ വീണ്ടും ആവര്‍ത്തിക്കുകയുമായിരുന്നു.
ക്രിസ് വില്യംസിന്റെയും അലക്‌സ് വില്യംസിന്റെയും അര്‍ധ സെഞ്ച്വറിയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത വെല്‍സ് പത്ത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സായിരുന്നു അടിച്ചു കൂട്ടിയത്.