കെയ്‌റോ: ഐക്യരാഷ്ട്രസഭയുടെ മന്‍ സെക്രട്ടറി ജനറല്‍ ബുത്രോസ് ബുത്രോസ് ഗാലി (93) അന്തരിച്ചു. ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് മരണം. ഗാലിയുടെ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സഭയുടെ ആറാമത്തെ സെക്രട്ടറി ജനറലായിരുന്ന ബുത്രോസ് ഗാലി ആ പദവിയിലിരിക്കുന്ന അദ്യത്തെ അറബ് വംശജനാണ്. 1992 മുതല്‍ 96വരെയാണ് ഗാലി സെക്രട്ടറി ജനറല്‍ പദവിയിലിരുന്നത്.
1977 മുതല്‍ 91 വരെ ഈജിപ്ത് സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന ബുത്രോസ് ഗാലി സൊമാലിയ, റുവാണ്ട, യുഗ്ലോസോവിയ എന്നിവിടങ്ങളിലെല്ലാം പ്രതിസന്ധി നിലനില്‍ക്കുന്ന കാലഘട്ടത്തിലാണ് യു.എന്‍ സെക്രട്ടറി ജനറല്‍ പദവിയിലെത്തിയത്. അധികാരത്തിലിരിക്കെ ഒട്ടേറെ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു.
1922ല്‍ കെയ്‌റോവിലെ ഒരു ക്രിസ്ത്യന്‍ കോപ്റ്റിക് കുടുംബത്തിലാണ് ഗാലിയുടെ ജനനം. കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. അമേരിക്കയിലും ഫ്രാന്‍സിലുമായിരുന്നു ഗാലി ഉപരിപഠനം നടത്തിയത്. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളുടെ ഫലമായി 2004ല്‍ ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്ക് സ്ഥാപിച്ച മനുഷ്യാവകാശ കൗണ്‍സിലിന്റെ അദ്ധ്യക്ഷനായിരുന്നു ഗാലി.
ഗാലിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ യു.എന്‍ രക്ഷാസമിതി ഒരു നിമിഷം മൗനം ആചരിച്ചു.