| Wednesday, 9th October 2024, 6:33 pm

റീത്തുവിന്റെ നിഗൂഢത കണ്ടെത്താൻ ഡേവിഡ് കോശി വരുന്നു, പക്കാ ഹോളിവുഡ് സ്റ്റഫുമായി അമൽ നീരദ്; ബോഗയ്ന്‍വില്ല ട്രെയ്‌ലർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് അമല്‍ നീരദ്. സിനിമയില്‍ അവതരണത്തില്‍ പുതിയ രീതി കൊണ്ട് വന്ന സംവിധായകനാണ് അദ്ദേഹം. ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമക്കുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍.

ഈ സിനിമയെ സംബന്ധിച്ച് നിരവധി റൂമറുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് പിന്നാലെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി, ഷറഫുദീന്‍ തുടങ്ങിയ മികച്ച താരങ്ങള്‍ ഒന്നിക്കുന്ന ‘ബോഗയ്ന്‍വില്ല’ എന്ന ചിത്രത്തിന്റെ സ്റ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

സ്റ്റില്ലുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലായിരുന്നു പ്രേക്ഷകര്‍. മുമ്പ് ടേക്ക് ഓഫ് എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചിരുന്നു. ഏറ്റവും ഒടുവിൽ സുഷിന് ശ്യാമിന്റെ സംഗീതത്തിൽ ഇറങ്ങിയ സ്തുതി എന്ന ഗാനവും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നേടിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വർഷങ്ങൾക്ക് ശേഷം നടി ജ്യോതിർമയിയുടെ ഗംഭീര തിരിച്ചുവരവായിരിക്കും ചിത്രമെന്ന് അടിവരയിടുന്ന ട്രെയ്‌ലറാണ് ഇപ്പോൾ വന്നിരിക്കുന്നത്. നിഗൂഢത ഒളിപ്പിച്ചുവെച്ച ട്രെയ്‌ലറിൽ നിറഞ്ഞുനിൽക്കുന്നത് ജ്യോതിർമയി തന്നെയാണ്.

അമൽ നീരദിന്റെ മുൻ ചിത്രങ്ങൾ പോലെ മേക്കിങ് മികവ് കൊണ്ട് മുന്നിട്ട് നിൽക്കുന്ന ചിത്രം തന്നെയായിരിക്കും ബോഗയ്ന്‍വില്ല. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരുടെ സ്ക്രീൻ പ്രസൻസും എടുത്തുകാണാൻ സാധിക്കുന്നുണ്ട്. നേരത്തെ ചിത്രം പ്രഖ്യാപിച്ചത് മുതൽ ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ വരുന്നതെന്ന് റൂമറുകൾ ഉണ്ടായിരുന്നു. ഇപ്പോൾ കമന്റ് ബോക്സിലും അത് കാണാൻ സാധിക്കുന്നുണ്ട്.

റൂത്തിന്റെ ലോകമാണെങ്കിലും അല്ലെങ്കിലും പ്രേക്ഷകർക്ക് നല്ലൊരു സിനിമാനുഭവം നൽകാൻ ചിത്രത്തിന് കഴിയുമെന്ന് ഉറപ്പാണ്. ഈ മാസം 17 ന് ബോഗയ്ന്‍വില്ല പ്രേക്ഷകർക്ക് മുന്നിലെത്തും.

Content highlight: Bougainville Movie Trailer

We use cookies to give you the best possible experience. Learn more