അമൽ നീരദ് വക ജ്യോതിർമയി ചിത്രം, ഇതൊരു കലക്കൻ സ്തുതി
Entertainment
അമൽ നീരദ് വക ജ്യോതിർമയി ചിത്രം, ഇതൊരു കലക്കൻ സ്തുതി
നവ്‌നീത് എസ്.
Thursday, 17th October 2024, 4:55 pm

ആദ്യ ചിത്രമായ ബിഗ് ബിയിലൂടെ തന്നെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകനാണ് അമൽ നീരദ്. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും മലയാളികളുടെ മനസ്സിൽ അമൽ നീരദ് എന്ന സംവിധായകനെ അടയാളപ്പെടുത്താൻ ആ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. തുടർന്ന് വന്ന സാഗർ ഏലിയാസ് ജാക്കി, അൻവർ, വരത്തൻ തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടി.

അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ബോഗെയ്ൻവില്ല. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും എത്തുന്നുണ്ട്. പ്രഖ്യാപനം മുതൽ തന്നെ ലാജോ ജോസിന്റ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്ന റൂമറുകളുണ്ടായിരുന്നു.

റൂത്തിന്റെ ലോകത്തിലൂടെ തന്നെയാണ് അമൽ തന്റെ റീത്തുവിനെ അവതരിപ്പിക്കുന്നത്. റീത്തുവായി വേഷമിട്ട ജ്യോതിർമയിയുടെ അതിഗംഭീര പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറക്ക് മുന്നിലെത്തിയപ്പോൾ ഞെട്ടിച്ചിരിക്കുകയാണ് താരം. ഓർമ നഷ്ടപെട്ട കഥാപാത്രമായി ജീവിക്കുകയായിരുന്നു ജ്യോതിർമയി. പ്രത്യേകിച്ച് നിരവധി ക്ലോസപ്പ് ഷോട്ടുകൾ നിറഞ്ഞ ചിത്രത്തിൽ ഏറ്റവും കയ്യടക്കത്തോടെ അവർ കഥാപാത്രത്തെ അവതരിപ്പിച്ചുവെന്നത് തീർത്തും പ്രശംസനീയമാണ്.

ന്നാ താൻ കേസ് കൊട്, നായാട്ട്, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിലൂടെ ഈയിടെയായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന  നടനാണ് കുഞ്ചാക്കോ ബോബൻ. മമ്മൂട്ടി വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്ന പോലെ ഇന്ന് കഥാപാത്ര തെരഞ്ഞെടുപ്പിലൂടെ ഞെട്ടിക്കുന്ന നടനാണ് ചാക്കോച്ചൻ. ഏറ്റവും ഗംഭീരമായി അദ്ദേഹം ഇവിടെയും അതാവർത്തിക്കുന്നുണ്ട്.

ബ്രാൻഡായി മാറിയ ഫഹദ് ഫാസിൽ സിനിമയുടെ പ്രധാന ആകർഷക ഘടകം തന്നെയാണ്. എന്നാൽ തിയേറ്ററിൽ ആളുകളെ എത്തിക്കാൻ വേണ്ടി മാത്രമുള്ള ഒരു എലമെന്റായാണ് ഫഫയെ കൊണ്ടുവന്നതെന്ന് തോന്നുന്നു. എന്നാൽ സ്‌ക്രീനിൽ കാണുന്നത് ഫഹദെന്ന നടനായത് കൊണ്ട് പ്രേക്ഷകർക്ക് ഇഷ്ട്ടപെടുന്ന ഒരു കഥാപാത്രമായി അതുമാറുമെന്ന് ഉറപ്പാണ്. ഫഹദിനെ പോലെ ഒരു ബിഗ് സ്റ്റാർ ഉണ്ടായിട്ടും ചിത്രത്തിന്റെ ക്ലൈമാക്സ് മറ്റൊരു രീതിയിൽ അവതരിപ്പിച്ചതും മികച്ചതായി തോന്നി.

മുമ്പിറങ്ങിയ സ്തുതിപാട്ടിലൂടെ തന്നെ ചിത്രത്തിൽ സുഷിന്റെ പങ്ക് എത്രത്തോളമുണ്ടാവുമെന്ന് പ്രേക്ഷകർക്ക് മനസിലായിട്ടുണ്ടാവും. ബോഗെയ്ൻവില്ലയിലേക്ക് വരുമ്പോൾ സുഷിന്റെ സംഗീതം സിനിമയുടെ മൂഡ് സെറ്റ് ചെയ്യാൻ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. സ്ലോ പേസിൽ പോവുന്ന ചിത്രത്തെ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യുന്നതിൽ സുഷിന്റെ സംഗീതവും ആനന്ദ്.സി.ചന്ദ്രന്റെ ക്യാമറയും വലിയ പങ്കുവഹിക്കുന്നുണ്ട്.

ഡ്രസിങ് , മേക്കപ്പ്, ആർട്ട് ഡിപ്പാർട്ട്മെന്റെല്ലാം സിനിമയുടെ പോസിറ്റീവ് ഘടകങ്ങളാണ്. സിനിമയുടെ സ്ലോ പേസ് തന്നെയാണ് ചിലയിടങ്ങളിൽ നെഗറ്റീവായി മാറുന്നത്. എന്നാൽ ക്ലൈമാക്സ് പോർഷനിലേക്ക് വരുമ്പോൾ വരത്തനൊക്കെ പോലെ ഹൈ ലെവലിലേക്ക് എത്തുന്നുണ്ട് ചിത്രം. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ഒരു ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലത്തിൽ മുന്നോട്ട് പോവുന്ന അമൽ നീരദ് സിനിമയാണ് ബോഗെയ്ൻവില്ല.

റൂത്തിന്റെ ലോകം വായിച്ചവർക്ക് ഒരുപക്ഷെ സിനിമ കാണാൻ സംശയങ്ങളുണ്ടാവാം. എന്നാൽ മലയാളത്തിലെ മിനിമം ഗ്യാരന്റി സംവിധായകനായ അമൽ നീരദ് ഒരിക്കലും തന്റെ മേക്കിങ് മികവിലൂടെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്.

 

Content Highlight: Bougainville Movie Review

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം