പാരീസ്: മൈതാനത്ത് കളി നടക്കുമ്പാള്‍ എതിര്‍ ടീമിലെ കളിക്കാരെ കൂവി വിളിക്കുന്നതും മറ്റും പതിവുള്ള കാഴ്ചകളാണ്. എന്നാല്‍ മര്യാദകളുടെ സകല സീമകളും ലംഘിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗ് വണ്ണില്‍ നടന്ന മാസെയും ഒ.ജി.സി. നീസും തമ്മിലുള്ള മത്സരം.
താരങ്ങളും ആരാധകരും തമ്മില്‍ കയ്യാങ്കളിയുണ്ടായതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. മാസെ താരങ്ങള്‍ക്ക് നേരെ നീസ് ആരാധകര്‍ പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം കയ്യാങ്കളിയിലെത്തുകയും മത്സരം സസ്‌പെന്റ് ചെയ്യുകയുമായിരുന്നു.
മത്സരത്തില്‍ നീസ് 1-0ന് ലീഡ് ചെയ്യുമ്പോഴായിരുന്നു ആരാധകര്‍ പ്രകോപനം സൃഷ്ടിച്ചത്.
ഒ.ജി.സി. നീസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ 75ാം മിനിറ്റിലാണ് പ്രശ്ങ്ങള്‍ തുടങ്ങിയത്. കോര്‍ണര്‍ കിക്ക് എടുക്കാന്‍ ചെന്ന മാസെ താരം ദിമിത്രി പയറ്റിന് നേരെ വെളളക്കുപ്പി വലിച്ചെറിയുകയായിരുന്നു. ഏറ് കിട്ടിയ പയറ്റ് വെള്ളക്കുപ്പി തിരിച്ച് എറിഞ്ഞതോടെയാണ് കളി കൈവിട്ടത്.