തയ്യാറാക്കിയത് : അനസ്
ജനാധിപത്യത്തിന്റെ ശുഭസൂചകമായ പ്രതീക്ഷകളെ ഉറപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു ഇന്നലെ രാത്രി തലസ്ഥാന നഗരിയില്‍ നിന്നും നമ്മളെ തേടിയെത്തിയത്. മുഴുവന്‍ ജനാധിപത്യവിശ്വാസികളും അഭിമാനം കൊള്ളേണ്ട ഒരു വിജയം. വെറുതെ ലഭിച്ചതല്ല, നിന്നു നിന്നു കാലു വേദനിച്ച് വേദനിച്ച് ഭരണകൂടത്തെ തോല്‍പ്പിച്ചു നേടിയ വിജയം. 160ല്‍പ്പരം ദിനങ്ങളുടെ ഓരേ നില്‍പ്പിനൊടുവില്‍ ആദിവാസികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുക തന്നെ ചെയ്തു. അതെ അവര്‍ നേടിയെടുത്തത് അവരുടെ അവകാശങ്ങള്‍ മാത്രമല്ല, മറിച്ച് നമ്മുടെ ജനാധിപത്യ അവകാശങ്ങള്‍ കൂടിയാണ്.
“ഒരാള്‍ നിന്നാല്‍ ലോകം മാറുമോ” എന്ന് ചോദിച്ചവരുടെ മുന്നില്‍ ആദിവവാസികള്‍ നിന്നു തുടങ്ങിയപ്പോള്‍ കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ മനുഷ്യത്വം മരവിക്കാത്ത യുവതയും അവരോടൊപ്പം ഒരേ നില്‍പ്പ് നിന്നു. അവരെ നിശബ്ദതയില്‍ മുക്കിക്കൊല്ലാന്‍ ആഗ്രഹിച്ച ഭരണകൂടത്തോടൊപ്പം ശ്രമിച്ച മുഖ്യധാരാ മാധ്യമ തമ്പുരാക്കന്‍മാരെ നാണിപ്പിച്ചുകൊണ്ട് കേവലം നില്‍പ്പ് ഐതിഹാസികമായ സമരസര്‍ഗാത്മകതയായി പരിണമിക്കുകയായിരുന്നു…
ഇന്നോളം ആദിവാസികളുടെ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക പോലും എടുക്കാന്‍ തയ്യാറാകാതിരുന്ന പൊതുമനസാക്ഷിക്ക് ആദിവാസികളുടെ നില്‍പ്പിനു മുന്നില്‍ അടിയറപറയേണ്ടിവന്നുവെന്നതാണ് ഇതിലെ മറ്റൊരു ട്വസിറ്റ്. നിങ്ങളുടെ അടഞ്ഞകണ്ണുകളെ കുത്തിത്തുറക്കുന്നതിന്, നിങ്ങളുടെ അടഞ്ഞ മനസുകളെ കുത്തി നോവിക്കുന്നതിനും നാണിപ്പിക്കുന്നതിനും വിള്ളല്‍ വീണും തഴമ്പുവീണും കല്ലിച്ച ആ മെലിഞ്ഞ കാല്‍പാദങ്ങളുടെ ഇച്ഛാശക്തിക്കായിരിക്കുന്നു. നിങ്ങളെക്കൂടി നിര്‍ത്താന്‍, നിങ്ങളൊന്നിരുന്നാല്‍ ആസനം പൊള്ളിക്കുമാറ് മനസാക്ഷിയെ ആദിവാസികളുടെ സഹന നിശബ്ദ നില്‍പ്പിന് കഴിഞ്ഞത്.
ഇക്കഴിഞ്ഞ 160 ദിവസവും ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന നില്‍പ്പ് സമരത്തോടൊപ്പം അഭിമാനത്തോടെ ഡൂള്‍ന്യൂസും അടിയുറച്ച് നിന്നിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്. പത്രമുത്തശ്ശിമാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പോലെ വലിയ വലിയ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും നീതിയുടെ പക്ഷത്ത് നിന്നുകൊണ്ട് അണ്ണാറക്കണ്ണന്റെ ഭാഗമെങ്കിലും സത്യസന്ധമായി ചെയ്യാനായിട്ടുണ്ട് എന്ന് ഓര്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. എന്തായാലും ആ ഐതിഹാസിക സമരത്തിന് തിരശീല വീണിരിക്കുന്നു. അതിന്റെ ചരിത്രാനുഭവങ്ങള്‍ ഈ തിരക്കുപിടിച്ച നേരത്തും ഡൂള്‍ന്യൂസിനോട് ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു പങ്കുവെയ്ക്കുന്നു…
നില്‍പ് സമരം വിജയിക്കുവാനുണ്ടായ ഘടകങ്ങള്‍ എന്തെല്ലാമായിരുന്നു.?
ആദ്യമായി തന്നെ പറയുകയാണെങ്കില്‍ ഈ സമരത്തിന്റെ ഭാഗത്തായിരുന്നു സത്യവും നീതിയും. കൂടാതെ ഈ സമരം തികച്ചും ജനാധിപത്യപരമായും അംഹിസാപരമായും നടന്ന ഒരു നിശബ്ദ സമരമായിരുന്നു. അത് കൊണ്ട് തന്നെ ഈ സമരത്തിന് നിരവധിയാളുകളുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ആര്‍ജിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ലോക മനസാക്ഷിയുടെ ഒരു വിപ്ലവ വിജയമായിട്ട് നമുക്കിതിനെ കാണുവാന്‍ കഴിയും.
ആദിവാസികളുടെ നേതൃത്വത്തിലുള്ള നില്‍പ് സമരം ഇത്രയധികം നീണ്ടു പോവാനുള്ള സാഹചര്യം എന്തായിരുന്നു.?
ഈ സമരം ഇത്രയധികം നീണ്ടു പോകേണ്ടതായിരുന്നില്ല. തുടക്കത്തില്‍ സര്‍ക്കാരിനുണ്ടായിരുന്നത് വളരെ നിഷേധാത്മക സമീപനമായിരുന്നു.എങ്കിലും പിന്നീടവര്‍ക്കത് തിരുത്തേണ്ടി വന്നു.പക്ഷെ ഈ സമരം നീണ്ടത് കാരണം സമരത്തിനെ കുറിച്ചുള്ള വളരെ വിശാലമായ ചര്‍ച്ച ഉയര്‍ന്ന് വരാന്‍ ഇടയായിട്ടുണ്ട്. ഇത് സമരത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങള്‍ക്ക് മനസിലാക്കുവാനും കഴിഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നുമെല്ലാം ഉയര്‍ന്ന് വന്ന തീരുമാനമാണ് സമരം തീരുവാന്‍ കാരണം ഇത് തീര്‍ച്ചയായും പൊളിറ്റിക്കലാണ്.
പെസ നിയമം സംബന്ധിച്ച് അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടോ ?
പെസ നിയമം ഉള്‍പ്പെടുന്ന കാര്യങ്ങളില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന രീതിയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതില്‍ ആദിവാസികള്‍ക്ക് ഇനി വിതരണം ചെയ്യാന്‍ പോകുന്ന ഭൂമി, ഊര് ഭൂമി എന്നിവയെല്ലാം ഉള്‍പെടും.
ആന്റണി സര്‍ക്കാരിന് കീഴില്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിക്കാമെന്ന് ഏറ്റിട്ടുണ്ടോ?
അതെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കൂടെ ആവശ്യപ്പെട്ടു കൊണ്ടാണ് സമരം നടത്തിയിരുന്നത്. ഇത് കൂടാതെ സമരത്തിന്റെ ആവശ്യങ്ങള്‍ ഘട്ടം ഘട്ടമായി തീര്‍പ്പാക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.