ഔട്ട്‌ഡേറ്റഡ് എന്ന് പറഞ്ഞ വിമര്‍ശകരുടെ വായടപ്പിച്ചു; തിയേറ്ററില്‍ ആളെ കയറ്റിയ മാസ് സംവിധായകന്മാര്‍
Film News
ഔട്ട്‌ഡേറ്റഡ് എന്ന് പറഞ്ഞ വിമര്‍ശകരുടെ വായടപ്പിച്ചു; തിയേറ്ററില്‍ ആളെ കയറ്റിയ മാസ് സംവിധായകന്മാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st August 2022, 10:47 am

രണ്ടായിരങ്ങളില്‍ മലയാള സിനിമാ ലോകം ഭരിച്ച സംവിധായകര്‍. മോഹന്‍ലാലിലേയും മമ്മൂട്ടിയിലേയും സുരേഷ് ഗോപിയിലേയും നടന്മാരെ വളര്‍ത്തുകയും അവരുടെ താരമൂല്യം ഊട്ടിയുറപ്പിക്കുകയും ചെയ്ത സിനിമകളുടെ സൃഷ്ടാക്കള്‍. അതായിരുന്നു ഷാജി കൈലാസും ജോഷിയും.

മലയാളത്തിലെ പഴയ മാസ് സംവിധായകര്‍ തിരിച്ചു വരുന്നു എന്ന് പറഞ്ഞപ്പോള്‍ ഔട്ട്‌ഡേറ്റഡ് എന്ന് പലരും പരിഹസിച്ചിരുന്നു. 2000ങ്ങളിലെ ഇരുവരുടെയും ചിത്രങ്ങളില്‍ വന്ന പൊളിറ്റിക്കല്‍ കറക്റ്റ്‌നെസായിരുന്നു ഇതിന് ഒരു കാരണം. 2010ന് ശേഷം വന്ന ഇരുവരുടെയും കിങ്ങ് ആന്‍ഡ് ദി കമ്മീഷണര്‍, സലാം കാശ്മീര്‍ പോലെയുള്ള ചിത്രങ്ങള്‍ പരാജയപ്പെട്ടതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

വിമര്‍ശകരുടെ വായടപ്പിച്ച് ഇപ്പോള്‍ തിയേറ്ററുകള്‍ ഭരിക്കുന്നത് അതേ ഷാജി കൈലാസിന്റേയും ജോഷിയുടെയും ചിത്രങ്ങളാണ്. ഷാജി കൈലാസിന്റെ കടുവയും ജോഷിയുടെ പാപ്പനും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മലയാള സിനിമ കാണാന്‍ ആളില്ലെന്ന പരിദേവനങ്ങള്‍ക്കിടയിലാണ് കടുവയും പാപ്പനും തിയേറ്ററുകളിലേക്കെത്തിയത്. പൃഥ്വിരാജിന്റേയും സുരേഷ് ഗോപിയുടെയും കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാണ് ഇരുചിത്രങ്ങളും നേടിക്കൊടുത്തത്. മികച്ച മൗത്ത് പബ്ലിസിറ്റിയും കടുവക്കും പാപ്പനും ലഭിച്ചു.

മലയാളത്തില്‍ പണ്ട് ഇറങ്ങിയിരുന്ന മാസ് മൂവികളില്‍ എന്തൊക്കെയുണ്ടായിരുന്നോ അതെല്ലാം പുതുക്കി ചേര്‍ത്താണ് ഷാജി കൈലാസ് കടുവ ഒരുക്കിയത്. മാസ് ഡയലോഗുകളും ആക്ഷനും മ്യൂസികും മികച്ച് നിന്നപ്പോള്‍ കടുവ പ്രേക്ഷകര്‍ ആഘോഷമാക്കുകയായിരുന്നു.

ജോഷിയുടെ പാപ്പനും ഒട്ടും പിന്നില്‍ നിന്നില്ല. പഴയ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപിക്ക് പകരം നോക്കിലും നടപ്പിലും പെരുമാറ്റത്തിലുമെല്ലാം പക്വതയും ശാന്തതയും കൈവരിച്ച മികച്ചൊരു കഥാപാത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. കടുവയില്‍ ശക്തരായ സ്ത്രീകഥാപാത്രങ്ങളില്ല എന്ന പരാതി ഉയര്‍പ്പോള്‍ നിര്‍ണായകമായ ഇടങ്ങളിലെല്ലാം ശക്തരായ സ്ത്രീകളെയാണ് ജോഷി ചിത്രം പ്ലേസ് ചെയ്തത്.

കടുവയിലെ നായകനും വില്ലനും തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റുകള്‍ നോക്കിയാലും പാപ്പനിലെ ഇമോഷണല്‍ ബാക്ക്‌സ്‌റ്റോറികളും അന്വേഷണ രീതികളുമെല്ലാം നോക്കിയാലും ജിനു വി. എബ്രഹാമിന്റെയും ആര്‍.ജെ. ഷാനിന്റേയും തിരക്കഥകള്‍ പഴയ മോഡലില്‍ തന്നെയായിരുന്നു. എന്നാല്‍ സംവിധാനത്തില്‍ തങ്ങള്‍ അപ്പ്‌ഡേറ്റഡ് തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ഷാജി കൈലാസിന്റെയും ജോഷിയുടെയും മേക്കിങ്.

എന്തായാലും വിമര്‍ശകരുടെ വായടപ്പിക്കുന്ന വിജയമാണ് ഇരു സംവിധായകരും തിരിച്ചുവരവില്‍ നേടിയത്.

Content Highlight: Both the directors joshy and shaji kailas made their comebacks A success that silenced the critics