| Friday, 31st May 2024, 3:54 pm

ബംഗാളിലെ തിരിച്ചുവരുന്ന സി.പി.ഐ.എം സ്വാധീനം; തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കും ആധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പൊതു എതിരാളിയായി സി.പി.ഐ.എം മാറുന്നുവെന്ന് റിപ്പോർട്ട് . ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറ് ഘട്ടങ്ങൾ കഴിയവേ ഇരു പാർട്ടികളും സി.പി.ഐ.എമ്മിനെ പൊതു എതിരാളിയായി കണക്കാക്കുകയാണെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പശ്ചിമ ബംഗാളിൽ അക്കൗണ്ട് തുറക്കാൻ സാധിക്കാതിരുന്ന സി.പി. ഐ.എം ഇത്തവണ കോൺഗ്രസിന്റെ സഖ്യകക്ഷിയാണ്. ഇത് തൃണമൂൽ കോൺഗ്രസിനെയും ബി.ജെ.പിയേയും ഭയപ്പെടുത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോൺഗ്രസിനോടൊപ്പം നിന്ന് സി.പി.ഐ.എം ബംഗാളിൽ സീറ്റുകൾ നേടാനുള്ള സാധ്യതകൾ കൂടുതലാണ്.

കൊൽക്കത്തയിലിയും മറ്റ് പ്രദേശങ്ങളിലുമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പത് മണ്ഡലങ്ങളിൽ സീറ്റ് നേടാൻ കഴിഞ്ഞ വർഷങ്ങളിലൊന്നും തന്നെ സി.പി.ഐ.എമ്മിന് സാധിച്ചിട്ടില്ല. എന്നാൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ സി.പി.ഐ.എം ഇത്തവണ മറ്റ് രണ്ട് പാർട്ടികളുടെയും ഭൂരിപക്ഷം വലിയ തോതിൽ കുറയ്ക്കാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്.

ഈ ഭയം തൃണമൂൽ കോൺഗ്രസിലും ബി.ജെ.പിയിലും പടർന്നിട്ടുണ്ടെന്നാണ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ റിപ്പോർട്ട് .

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 48 ൽ 22 സീറ്റുകൾ നേടുകയും ബി.ജെ.പി 18 സീറ്റുകളും നേടുകയും ചെയ്തപ്പോൾ സി.പി.ഐ.എമ്മിന് ഒരു സീറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല.

2019 ൽ ഹിന്ദു വോട്ടർമാർ ബി.ജെ.പിയിലേക്ക് മാറിയത് മുസ്‌ലിം വോട്ടർമാരെ തൃണമൂൽ കോൺഗ്രസിന് കീഴിൽ ഏകീകരിപ്പിക്കുന്നതിന് കാരണമായി. അതോടെ സി.പി.ഐ.എമ്മിന്റെ വോട്ടുകൾ ക്രമാതീതമായി കുറഞ്ഞു.
എന്നാൽ ഇത്തവണ അതിൽ നിന്ന് വിപരീതമാണ് ബംഗാളിലെ സ്ഥിതിഗതികൾ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. സി.പി.ഐ.എം ശക്തിപ്രാപിച്ചത് തങ്ങൾ വേണ്ടവിധം ശ്രദ്ധിച്ചില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളും ബി.ജെ.പി നേതാക്കളും സമ്മതിക്കുന്നുണ്ട്.

2019 ൽ ടി.എം.സി ആധിപത്യം പുലർത്തിയ സീറ്റുകളിൽ പലതിലും ഇത്തവണ ശക്തരായ സി.പി.ഐ.എം നേതാക്കൾ എതിരാളികളായുണ്ട്. ഡം ഡം മണ്ഡലത്തിൽ സൂരജ് ചക്രബർത്തിയും ജാദവ്പൂരിൽ ശ്രീജൻ ഭട്ടാചാര്യയുമാണ് മത്സരിക്കുന്നത്. ഇരുവരും സി.പി.ഐ.എമ്മിന്റെ ശക്തരായ സ്ഥാനാർത്ഥികളാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബരാസത്തിലും ബാരൂയ്പ്പൂരിലും നടത്തിയ റാലിയിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. തൃണമൂൽ കോൺഗ്രസും സി.പി.ഐ.എമ്മും ഒരേ പാർട്ടികളാണെന്നും അവർ പശ്ചിമ ബംഗാളിനെ കൊള്ളയടിക്കുമെന്നും മോദി ആരോപിച്ചു.

‘പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി ഇന്ത്യ മുന്നണിക്ക് സഹായം ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അവർ സി.പി.ഐ.എമ്മിനെയും സഹായിക്കും. പ്രത്യക്ഷത്തിൽ രണ്ട് പാർട്ടികളാണെങ്കിലും അവർ ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഇരു പാർട്ടികളും ബംഗാളിനെ കൊള്ളയടിക്കും. ടി.എം.സിയും സി.പി.ഐ.എമ്മും ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്. ഇതെല്ലാം നിങ്ങൾ അറിയാതെ നടക്കുന്ന നാടകങ്ങളാണ്,’ മോദി പറഞ്ഞു.

എന്നാൽ ബി.ജെ.പിക്കും സി.പി.ഐ.എമ്മിനും എതിരെ മമത ബാനർജിയും രംഗത്തെത്തിയിട്ടുണ്ട്. ഡം ഡം മണ്ഡലത്തിൽ ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിൽ അന്തർധാരകളുണ്ടെന്ന് മമത ബാനർജി ആരോപിച്ചു. ബി.ജെ.പി തങ്ങളുടെ വോട്ടുകൾ സി.പി.ഐ.എം സ്ഥാനാർഥിയായ സൂരജ് ചക്രബർത്തിക്ക് നൽകുമെന്നും ഇതവരുടെ ഒത്തുകളിയാണെന്നും അവർ ആരോപിച്ചു.

Content Highlight: both T.M.C and B.J.P see C.P.I.M as a threat

We use cookies to give you the best possible experience. Learn more