തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകനും ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയുമായ ധീരജിന്റെ കൊലപാതം സി.പി.ഐ.എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.
സാധാരണഗതിയില്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ കോണ്‍ഗ്രസിന്റെ പ്രാധിനിത്യം കുറവാണെന്നും എന്നാല്‍ ഇത്തവണ അതല്ല സ്ഥിതിയെന്നും കെ. സുധാകരന്‍ പറഞ്ഞു.
‘സാധാരണ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം എഞ്ചിനീയറിംഗ് കോളേജുകളില്‍ അങ്ങനെയുണ്ടാവറില്ല. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. എന്റെ കുട്ടികള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. വളരെ നല്ല രീതിയിലുള്ള വിജയമാണ് കോളേജ് തെരഞ്ഞെടുപ്പുകളില്‍ നേടുന്നത്,’ സുധാകരന്‍ പറഞ്ഞു.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വോട്ട് എണ്ണി നോക്കിയാല്‍ അവിടേയും കെ.എസ്.യു തന്നെ ജയിക്കുമെന്നും അതില്ലാതാക്കാന്‍ കോളേജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പുറത്തുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
”ധീരജിന്റെ കൊലപാതകം കേരളത്തിലെ കലാലയങ്ങളില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ സംയുക്തമായുണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതിലവര്‍ക്ക് ദുഖമല്ല ആഹ്ലാദമാണ്.
ധീരജ് മരിച്ചു എന്നറിഞ്ഞപ്പോള്‍ എന്റെ നാട്ടിലെ സി.പി.ഐ.എമ്മുകാര്‍ ആദ്യം ചെയ്തത് അദ്ദേഹത്തിന് സ്മാരകം കെട്ടേണ്ട ഭൂമി വിലകൊടുത്തു വാങ്ങി എന്നതാണ്. ദുഖിക്കേണ്ട സന്ദര്‍ഭത്തില്‍ ഏതെങ്കിലും പാര്‍ട്ടി രക്തസാക്ഷി മണ്ഡപത്തെ കുറിച്ച് ചിന്തിക്കുമോ,’ എന്നും കെ. സുധാകരന്‍ ചോദിച്ചു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റേയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം നിര്‍ദേശം നല്‍കി.
കെ. സുധാകരന് നിലവിലുള്ള ഗണ്‍മാന് പുറമേ കമാന്റോ ഉള്‍പ്പെടെയുള്ള സുരക്ഷയൊരുക്കണം. കെ.പി.സി.സി പ്രസിഡന്റ് പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളില്‍ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണം ഏര്‍പ്പെടുത്തണം. സുധാകരന്റെ വീടിന് പൊലീസ് കാവല്‍ നല്‍കണം തുടങ്ങിയ സുരക്ഷ നിര്‍ദേശങ്ങളാണ് ഇന്റലിജന്‍സ് മുന്നോട്ട് വെച്ചത്.
അതേസമയം, ധീരജിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കി ജ്യുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. പ്രതികളെ കഴിഞ്ഞ ദിവസം വൈകീട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു.
കൊലക്കുറ്റത്തിനാണ് നിഖിലിനെതിരേ കേസെടുത്തിരിക്കുന്നത്. വധശ്രമം, സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പൊലീസ് സമര്‍പ്പിക്കും. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകാനാണ് സാധ്യത.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Both my children are in command, they will win the elections, the captured martyrdom of Dheeraj: K. Sudhakaran