| Tuesday, 14th November 2023, 11:19 am

അന്ന് ആ പടം വിജയിച്ചിരുന്നെങ്കില്‍ ഇന്ന് കണ്ണൂര്‍ സ്‌ക്വാഡില്ല, രണ്ടിന്റേയും പ്ലോട്ട് ഒന്നായിരുന്നു: റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന സിനിമ അന്ന് വലിയ വിജയമായിരുന്നെങ്കില്‍ കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്ന് പറയുകയാണ് നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡ്.

കുറ്റവും ശിക്ഷയും റിലീസ് ആകുന്നതിന്റെ തലേദിവസം താന്‍ ഉറങ്ങിയിരുന്നില്ലെന്നും കണ്ണൂര്‍ സ്‌ക്വാഡിന്റേയും കുറ്റവും ശിക്ഷയുടേയും പ്ലോട്ട് ഒന്ന് തന്നെ ആയിരുന്നെന്നും റോണി പറഞ്ഞു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുറ്റവും ശിക്ഷയും റിലീസിനൊരുങ്ങുമ്പോള്‍ എനിക്ക് വലിയ ടെന്‍ഷനുണ്ടായിരുന്നു. കുറ്റവും ശിക്ഷയും റിലീസ് ആവുന്നതിന്റെ തലേ ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ലെന്ന് പറയാം. ആ സിനിമയുടെ സ്‌ക്രിപ്റ്റ് ഒരുക്കിയ സിബി തോമസ് സാര്‍ നേരത്തെ തന്നെ സഫാരി ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ജ്വല്ലറി കൊള്ള നടത്തിയിട്ട് പോകുന്ന ഗ്യാങ്ങിന്റെ കഥയാണ് ഇതെന്ന് പറഞ്ഞിരുന്നു. രാജീവേട്ടന്‍ അത് എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ലായിരുന്നു. രാജീവേട്ടന്‍ ബേസിക്കലി ഒരു റിയലിസത്തിന്റെ ആളാണ്.

തീരന്‍ അധികാരമൊന്‍ട്ര്, കുറ്റവും ശിക്ഷയും പോലുള്ള സിനിമയല്ലേ കണ്ണൂര്‍ സ്‌ക്വാഡ് എന്ന് എന്നോട് ചോദിച്ചവരുണ്ട്. എന്നാല്‍ ഈ കുറ്റവും ശിക്ഷയും ഇഷ്ടപ്പെടുന്ന കുറച്ച് പേര്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ ആ പടം ഓടിയേനെ.

ഞാന്‍ മൂന്നാമത്തെ ദിവസം തിയേറ്ററില്‍ ചെന്ന് അടിയുണ്ടാക്കിയിട്ടാണ് പടം കാണുന്നത്. എന്തിനാണെന്നോ അടിയുണ്ടാക്കിയത്, പത്ത് പേര്‍ ആ പടം കാണാനില്ലാത്തതിനാല്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞതുകൊണ്ട്.

ഒരിക്കലും ഞാന്‍ ആ പടത്തിനെ ഡീഗ്രേഡ് ചെയ്യുകയല്ല. ആ പടം അന്ന് വലിയ വിജയമായിരുന്നെങ്കില്‍ ഇന്ന് കണ്ണൂര്‍ സ്‌ക്വാഡ് ഉണ്ടാവില്ല. കാരണം ആ പടം വിജയിച്ചാല്‍ പിന്നെ കണ്ണൂര്‍ സ്‌ക്വാഡ് കയറില്ല. രണ്ടിന്റേയും ടോപ്പിക് സിമിലര്‍ ആണല്ലോ.

ഒന്നില്‍ ജ്വല്ലറി എഫക്ടഡ് ആകുന്നു. ഇതില്‍ ഫാമിലി എഫക്ടഡ് ആകുന്നു. ഫാമിലി എഫ്ക്ടഡ് ആയതുകൊണ്ടാണ് പ്രേക്ഷകര്‍ ഒപ്പം നില്‍ക്കുന്നത്, ആ യാത്ര അത്രയും ഇന്ററസ്റ്റിങ് ആയി ആള്‍ക്കാര്‍ക്ക് തോന്നിയത്.

ഒരു കുടുംബത്തെ ബാധിക്കുകയാണല്ലോ. ഒരു കുടുംബസ്ഥനെ കൊലപ്പെടുത്തി ഗ്യാങ് കടന്നുകളയുന്നു. ഫസ്റ്റ് ഹാഫിന്റെ അവസാനം എല്ലാവരേയും നമ്മള്‍ റിവീല്‍ ചെയ്തു. എത്ര പ്രതികളുണ്ട്. ആരൊക്കെയാണ് ചെയ്ത്, എല്ലാം പറഞ്ഞു. പിന്നെ അവരിലേക്ക് എത്താനുള്ള ദൂരമാണ് സെക്കന്റ് ഹാഫ്.

ചിലപ്പോള്‍ ഒരിടത്ത് നിന്ന് രണ്ട് പേരെ കിട്ടും. മറ്റുള്ളവര്‍ വേറെ എവിടെയോ ആണെന്ന് പറയും. സത്യമേത് കള്ളമേത് എന്നറിയില്ല. ആ രീതിയില്‍ ഓടിക്കൊണ്ടിരിക്കുകയാണല്ലോ,’ റോണി ഡേവിഡ് പറഞ്ഞു.

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് കുറ്റവും ശിക്ഷയും. സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, ശ്രിന്ദ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സിബി തോമസിന്റെതാണ് കഥ.

കാസര്‍കോഡ് ജില്ലയില്‍ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം കഥ പറയുന്നത്. കേരളം, രാജസ്ഥാന്‍ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Content Highlight: Both Movie had same plot  Roni David about kannur squad

We use cookies to give you the best possible experience. Learn more