ഇന്ത്യ രണ്ട് ടീമിനെ ഇറക്കുന്നു ഇംഗ്ലണ്ടും രണ്ട് ടീം ഇറക്കുന്നു, നാല് ടീമും ചേര്‍ന്ന് ഒരു ക്വാഡ്രാന്‍ഗുലര്‍ സീരീസ്; വമ്പന്‍ പ്രസ്താവനയുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍
ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ബെഞ്ച് സ്‌ട്രെങ്ത്തിനെ പുകഴ്ത്തി ഇംഗ്ലണ്ട് ഇതിഹാസവും ക്രിക്കറ്റ് അനലിസ്റ്റുമായ മൈക്കല്‍ വോണ്‍. ഇരുവരുടെയും ടീം താരസമ്പന്നമാണെന്നും ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും വേണമെങ്കില്‍ രണ്ട് ടീമിനെ വീതം ഇറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ടി-20 മത്സരത്തിന് പിന്നാലെയായിരുന്നു വോണ്‍ ഇരു ടീമിനെയും അഭിനന്ദിച്ചെത്തിയത്.
താരസമ്പന്നമായ സ്‌ക്വാഡില്‍ നിന്നും പ്ലെയിങ് ഇലവനെ ഇറക്കുക എന്ന കാര്യം ഇരു ടീമിനും ദുഷ്‌കരമാണെന്നും വോണ്‍ പറയുന്നു. ക്രിക്ബസ്സിനോടായിരുന്നു വോണിന്റെ പ്രതികരണം.
‘അവര്‍ക്കൊപ്പം ഒരുപാട് താരങ്ങളുണ്ട്. ഒരുപാടെന്നുപറഞ്ഞാല്‍ ഒരുപാട് താരങ്ങള്‍. ഇന്ത്യ രണ്ട് ടീമിനെയും ഇംഗ്ലണ്ട് രണ്ട് ടീമിനെയും ഇറക്കി ഒരു ക്വാഡ്രാന്‍ഗുലര്‍ സീരീസ് വേണമെങ്കില്‍ കളിക്കാം,’ വോണ്‍ പറയുന്നു.
താരങ്ങളുടെ ആധിക്യം തന്നെയാണ് ഇംഗ്ലണ്ടും ഇന്ത്യയും ഒരേ സമയം നേരിടുന്ന പോസിറ്റീവും നെഗറ്റീവും. ഏത് താരങ്ങളെ ഇറക്കിലായും മികച്ച ടീം തന്നെ കെട്ടിപ്പടുക്കാന്‍ ഇരു ടീമുകള്‍ക്കുമാകും. എന്നാല്‍ ആദ്യ പതിനൊന്നിലേക്ക് ഏതെല്ലാം താരങ്ങളെ ഉള്‍പ്പെടുത്തണം എന്ന വലിയ കണ്‍ഫ്യൂഷന്‍ ഇരു മാനേജ്‌മെന്റുകള്‍ക്കുമുണ്ട്.
അതേസമയം, ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ബാറ്റര്‍മാരും ബൗളര്‍മാരും ആക്രമിച്ചുകളിച്ചതോടെയാണ് ഇന്ത്യ അനായാസ ജയം നേടിയത്.
യഥാര്‍ത്ഥത്തില്‍ എതിര്‍ ടീമിനെ ആക്രമിച്ചു കളിക്കുക എന്ന ഇംഗ്ലണ്ടിന്റെ സ്ട്രാറ്റജി ഇന്ത്യ അവര്‍ക്കെതിരെ പ്രയോഗിക്കുകയായിരുന്നു. ഇംഗ്ലീഷ് ബൗളര്‍മാരെ രോഹിത്തിന്റെ നേതൃത്വത്തില്‍ ബാറ്റര്‍മാര്‍ തല്ലിയൊതുക്കിയപ്പോള്‍ ഭുവിയും ഹര്‍ദിക് യുവതാരം അര്‍ഷ്ദീപും ചേര്‍ന്ന് ആതിഥേയരെ എറിഞ്ഞിടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 198 റണ്‍സായിരുന്നു നേടിയത്. ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധസെഞ്ച്വറിക്കൊപ്പം ദീപക് ഹൂഡ, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ കത്തിക്കയറിയപ്പോള്‍ ഇംഗ്ലണ്ടിന് മുമ്പില്‍ റണ്‍മല പടുത്തുയരുകയായിരുന്നു.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോവും മറുതലക്കല്‍ നിന്ന് ബാറ്റര്‍മാര്‍ റണ്ണടിച്ചുകൊണ്ടിരുന്നു. ഇങ്ങനെ ഒരു ഇന്ത്യയെ ആദ്യമായിട്ടായിരുന്നു കണ്ടത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിനറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ കാലിടറിയിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ ഇന്‍ സ്വിങ്ങറിന് മുമ്പില്‍ നായകന്‍ ജോസ് ബട്‌ലറിന് ഉത്തരമുണ്ടായിരുന്നില്ല.
ഇന്ത്യന്‍ ബൗളര്‍മാരോട് മറുപടിയില്ലാതെ ഇംഗ്ലണ്ട് താരങ്ങള്‍ പെട്ടന്ന് തന്നെ കൂടാരം കയറിയപ്പോള്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് 148ല്‍ അവസാനിച്ചു. ഇന്ത്യയ്ക്ക് 50 റണ്‍സിന്റെ വിജയം.