ഇംഫാല്‍: മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ക്ക് മെമ്മോറണ്ടം നല്‍കി ഇന്ത്യയിലെ എം.പിമാര്‍. ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ ശോചനീയമാണെന്നും മുന്‍ഗണനാടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ അനുസൂയ യുകേയ്ക്ക് നല്‍കിയ മെമ്മോറണ്ടത്തില്‍ ആവശ്യപ്പെടുന്നു.
‘140തില്‍ അധികം മരണങ്ങള്‍, 500ഓളം പരിക്കുകള്‍, കത്തി നശിച്ച 5000 വീടുകള്‍, 60,000തിലധികം പേരുടെ ആഭ്യന്തര പലായനം തുടങ്ങിയവ വ്യക്തമാക്കുന്നത് രണ്ട് വിഭാഗങ്ങളിലും ഉള്‍പ്പെടുന്നവരുടെ ജീവനും ജീവിതവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സംരക്ഷിക്കാന്‍ സാധിച്ചില്ലെന്നതാണ്.
തുടര്‍ച്ചയായ വെടിവെപ്പിലൂടെയും വീടുകള്‍ തീയിടലിലൂടെയും കഴിഞ്ഞ മൂന്നു മാസമായി മണിപ്പൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് സംശയാതീതമായി വ്യക്തമാകുന്നുണ്ട്,’ മെമ്മോറണ്ടത്തില്‍ പറയുന്നു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ മൗനം മണിപ്പൂരിലെ അക്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ നിസംഗതയാണ് കാണിക്കുന്നതെന്നും മെമ്മോറണ്ടത്തില്‍ പറയുന്നു.
മണിപ്പൂര്‍ കലാപം പെട്ടെന്ന് തീര്‍ന്നില്ലെങ്കില്‍ രാജ്യത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പോലും കാരണമാകുമെന്ന് ഗവര്‍ണറെ കണ്ടതിന് ശേഷം കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ജന്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
‘ഗവര്‍ണര്‍ ഞങ്ങളുടെ നിരീക്ഷണങ്ങള്‍ കേള്‍ക്കുകയും അംഗീകരിക്കുകയും ചെയ്തു. മണിപ്പൂരിലെ അക്രമങ്ങളില്‍ അവര്‍ ദുഖം രേഖപ്പെടുത്തി. സമുദായങ്ങള്‍ക്കിടയിലുള്ള അവിശ്വാസം നീക്കാന്‍ എല്ലാ പാര്‍ട്ടിക്കാരും മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ സന്ദര്‍ശിച്ച് മനസിലാക്കിയ കാര്യങ്ങള്‍ എം.പിമാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അധിര്‍ രഞ്ജന്‍ പറഞ്ഞു.
പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ സ്വന്തം ശബ്ദം കേള്‍ക്കുന്ന തിരക്കില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ 21 എം.പിമാര്‍ മണിപ്പൂര്‍ കി ബാത്തിനെ കുറിച്ച് സംസാരിക്കുകയാണ് മെമ്മോറണ്ടം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
‘മണിപ്പൂരിലെ ജനങ്ങളുടെ ദേഷ്യവും രോഷവും വേദനയും ഉത്കണ്ഠയുമൊന്നും പ്രധാനമന്ത്രിയില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. അദ്ദേഹം മന്‍ കി ബാത്തിലൂടെ സ്വന്തം ശബ്ദം കേള്‍ക്കുകയും കോടിക്കണക്കിന് ഇന്ത്യക്കാരിലേക്ക് അത് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ്. ടീം ഇന്ത്യയിലെ 21 എം.പിമാര്‍ മണിപ്പൂര്‍ കി ബാത്തിനെ കുറിച്ച് മണിപ്പൂര്‍ ഗവര്‍ണറോട് സംസാരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയാണ് 21 എം.പിമാര്‍ മണിപ്പൂരിലെത്തിയത്. ഇംഫാല്‍, മോയ്‌റങ്ക്, ബിഷ്ണുപുര്‍, ചുരാചന്ദ്പുര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും അക്രമത്തിനിരയായവരെയും എം.പിമാര്‍ സന്ദര്‍ശിച്ചു.
ഗൗരവ് ഗൊഗോയ്, ഫുലോ ദേവി നേതം (കോണ്‍ഗ്രസ്), ശുഷ്മിത ദേവ്, സുശീല്‍ ഗുപ്ത (എ.എ.പി), അരവിന്ദ് സാവന്ത് (യു.ബി.ടി), കനിമൊഴി കരുണാനിധി (ഡി.എം.കെ), രാജീവ് രഞ്ജന്‍ സിങ്, അനീല്‍ പ്രസാദ് ഹെഡ്ജ് (ജെ.ഡി.യു), സന്തോഷ് കുമാര്‍ (സി.പി.ഐ), എ.എ റഹീം (സി.പി.ഐ.എം), മനോജ് കുമാര്‍ ജാ (ആര്‍.ജെ.ഡി), ജാവേദ് അലി ഖാന്‍ (സമാജ്‌വാദി പാര്‍ട്ടി), മഹുവ മാജി (ജെ.എം.എം), പി.പി മുഹമ്മദ് ഫൈസല്‍ (എന്‍.സി.പി), ഇ.ടി മുഹമ്മദ് ബഷീര്‍ (ഐ.യു.എം.എല്‍), എന്‍.കെ പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി), ഡി.രവികുമാര്‍ ,തിരു തോല്‍ തിരുമവലാവന്‍ (വി.സി.കെ), ജയന്ത് സിങ് (ആര്‍.എല്‍.ഡി) എന്നീ എം.പിമാരാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.
content highlights: Both central and state governments are unable to protect both groups in Manipur; MPs of ‘India’