ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ വിവര്‍ത്തകന്‍; ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു
Kerala News
ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ വിവര്‍ത്തകന്‍; ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st January 2025, 10:45 am

തൃശൂര്‍: ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂര്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിരിക്കെയാണ് മരണം.

പ്രശസ്ത സസ്യ ശാസ്ത്രജ്ഞനും 2020 രാജ്യം പത്മശ്രീ നല്‍കി ആദരിച്ച വ്യക്തിയാണ് കെ.എസ്. മണിലാല്‍. ഹോര്‍ത്തൂസ് മലബാറിക്കൂസ് ആദ്യമായി മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്തത് ഡോ. മണിലാലാണ്.

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കിയത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച ഈ ലാറ്റിന്‍ ഗ്രന്ഥം മണിലാല്‍ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യുകയായിരുന്നു.

2012ല്‍ നെതര്‍ലന്‍ഡ്സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്നാസ്സൗയയും മണിലാലിന് ലഭിച്ചിരുന്നു. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരന്‍ കൂടിയാണ് ഡോ. മണിലാല്‍. ഡച്ച് രാജ്ഞിയായിരുന്ന ബിയാട്രിക്സിന്റെ ശുപാര്‍ശ പ്രകാരമാണ് മണിലാലിനെ നെതര്‍ലന്‍ഡ്‌സ് പരിഗണിച്ചത്.

കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് ഡോ. മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങള്‍ ശ്രദ്ധേയമാണ്. കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പ് മുൻ മേധാവിയുമായിരുന്നു അദ്ദേഹം.

ഫ്ളോറ ഓഫ് കാലിക്കറ്റ് (1982), ഫ്ളോറ ഓഫ് സൈലന്റ് വാലി (1988), ബോട്ടണി ആന്റ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ് (1980), ആന്‍ ഇന്റര്‍പ്രട്ടേഷന്‍ എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. കാട്ടുങ്ങല്‍ എ. സുബ്രഹ്‌മണ്യത്തിന്റെയും കെ.കെ. ദേവകിയുടെയും മകനായി 1938 സെപ്റ്റംബര്‍ 17ന് പറവൂര്‍ വടക്കേക്കരയിലായിരുന്നു ജനനം.

Content Highlight: Botanist KS Manilal passed away