യു.എസിലെ ബോസ്റ്റണ്‍ മാരത്തണ്‍ മത്സരത്തിനിടെ സ്‌ഫോടനം; മൂന്ന് മരണം
World
യു.എസിലെ ബോസ്റ്റണ്‍ മാരത്തണ്‍ മത്സരത്തിനിടെ സ്‌ഫോടനം; മൂന്ന് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2013, 12:50 am

ബോസ്റ്റണ്‍: യു.എസിലെ ബോസ്റ്റണില്‍ നടന്ന മാരത്തണിന്റെ ഫിനിഷിങ് പോയന്റിന് സമീപമുണ്ടായ സ്‌ഫോടന പരമ്പരയില്‍ മൂന്നുപേര്‍ മരിച്ചു.
140ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഇരുപതോളം പേരുടെ നില ഗുരുതരമാണ്.

ഫിനിഷിങ് ലൈനിനു സമീപം കാഴ്ചക്കാര്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ത്യന്‍ സമയം രാത്രി 12.20 ഓടെയാണ് ആദ്യസ്‌ഫോടനമുണ്ടായത്. പത്തു സെക്കന്‍ഡിന് ശേഷം രണ്ടാം സ്‌ഫോടനവും ഉണ്ടായി. []

സ്‌ഫോടനത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല. ഇരട്ടസ്‌ഫോടനത്തിനു തൊട്ടുപിന്നാലെ ജോണ്‍ ഓഫ് കെന്നഡി ലൈബ്രറിക്കു സമീപം പുകയുയര്‍ന്നതും പരിഭ്രാന്തി പരത്തി.

പ്രധാന കായികതാരങ്ങള്‍ നേരത്തേ ഫിനിഷ് ചെയ്തിരുന്നതിനാല്‍ അവര്‍ അപകടത്തില്‍പ്പെട്ടില്ല. എങ്കിലും ആയിരത്തിലധികം പേര്‍ ഓട്ടം പൂര്‍ത്തിയാക്കാനുണ്ടായിരുന്നു.

ഭീകരാക്രമണം തന്നെയെന്ന് കരുതുന്നതായി എഫ്ബിഐ വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തിന് മിനിറ്റുകള്‍ക്കകം ടിവിയെ അഭിസംബോധന ചെയ്ത യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ആരാണ് സ്‌ഫോടനം നടത്തിയതെന്ന് കണ്ടെത്തുമെന്നും അമേരിക്കന്‍ ജനതയുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും അറിയിച്ചു.

ബോസ്റ്റണ്‍ മേയര്‍ ടോം മെനിനോയെയും മസാചുസറ്റ്‌സ് ഗവര്‍ണര്‍ ഡേവല്‍ പാട്രിക്കിനെയും ടെലിഫോണില്‍ ബന്ധപ്പെട്ട ഒബാമ യുഎസ് സര്‍ക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

അമേരിക്കയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനായി പറന്നുയര്‍ന്ന വിമാനങ്ങളിലൊന്ന് ബോസ്റ്റണില്‍ നിന്നായിരുന്നു പോയതെന്നത് മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. പരുക്കേറ്റവരില്‍ ഒരു ഇറാന്‍കാരന്റെ സാന്നിധ്യവും വെബ്‌സൈറ്റുകളില്‍ ചര്‍ച്ചാകേന്ദ്രമായി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാല്‍ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ബോസ്റ്റണ്‍ മാരത്തണ്‍ 1897ലാണ് തുടങ്ങിയത്. ഏറ്റവും പഴക്കം ചെന്ന മാരത്തണുകളിലൊന്നാണിത്. സ്‌ഫോടനത്തെ തുടര്‍ന്ന് വാഷിങ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് ഉള്‍പ്പടെയുള്ള പ്രമുഖ നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.