| Friday, 19th April 2013, 12:00 am

ബോസ്റ്റണ്‍ സ്‌ഫോടനം: രണ്ട് പേരുടെ ചിത്രങ്ങള്‍ എഫ്.ബി.ഐ പുറത്ത് വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോസ്റ്റണ്‍: അമേരിക്കയില്‍ ബോസ്റ്റണ്‍ മാരത്തണിനിടെയുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ എഫ്.ബി.ഐ പുറത്ത് വിട്ടു.[]

സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഇവരെ തിരിച്ചറിയാന്‍ കഴിയുമോ എന്നതിനാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

തൊപ്പി വെച്ച രണ്ടുപേര്‍ ബാഗുമായി സ്‌ഫോടനമുണ്ടായ സ്ഥലത്തിനുസമീപം നടന്നുപോകുന്ന ചിത്രമാണ് പുറത്തുവിട്ടത്. സ്‌ഫോടനം നടക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പാണ് ഇവരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്.

സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 176 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാരത്തണ്‍ ഫിനിഷിങ് ലൈനിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.

പ്രധാന കായികതാരങ്ങള്‍ നേരത്തേ ഫിനിഷ് ചെയ്തിരുന്നതിനാല്‍ അവര്‍ അപകടത്തില്‍പ്പെട്ടില്ല. എങ്കിലും ആയിരത്തിലധികം പേര്‍ ഓട്ടം പൂര്‍ത്തിയാക്കാനുണ്ടായിരുന്നു.

ഭീകരാക്രമണം തന്നെയെന്ന് കരുതുന്നതായി എഫ്ബിഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.  പ്രഷര്‍ കുക്കറിലാണ് ബോംബുണ്ടായിരുന്നതെന്ന് നേരത്തേ എഫ്.ബി.ഐ കണ്ടെത്തിയിരുന്നു.

ബോംബിന്റെ ഭാഗങ്ങളാണെന്ന് കരുതപ്പെടുന്ന തകര്‍ന്ന പ്രഷര്‍കുക്കറിന്റെയും കറുത്ത ബാഗിന്റെയും ചിത്രങ്ങള്‍ കഴിഞ്ഞദിവസം എഫ്.ബി.ഐ പുറത്തുവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more