| Thursday, 24th October 2013, 6:21 pm

ആര്‍ട് സ്റ്റേജ് സിംഗപ്പൂരില്‍ ഇന്ത്യന്‍ പവലിയന്റെ ക്യുറേറ്ററായി ബോസ് കൃഷ്ണമാചാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: സിംഗപ്പൂരില്‍ വച്ച് നടക്കുന്ന “ആര്‍ട് സ്റ്റേജ് സിംഗപ്പൂര്‍”2014ലെ ഇന്ത്യന്‍ പവലിയന്റെ ക്യുറേറ്ററായി കൊച്ചി മുസിരിസ് ബിനാലെയുടെ ഫൗണ്ടേഷന്‍ പ്രസിഡന്റായ ബോസ് കൃഷ്ണമാചാരിയെ തിരഞ്ഞെടുത്തു.

കൊച്ചി ബിനാലെയുടെ ആദ്യ പതിപ്പിന്റെ കോ ക്യുറേറ്റര്‍ കൂടിയായിരുന്നു ബോസ് കൃഷ്ണമാചാരി. ആര്‍ട് സ്റ്റേജിലെ പുതിയ വിഭാഗമായ പ്ലാറ്റ്‌ഫോമിലാണ് ഇന്ത്യന്‍ പവലിയനുള്ളത്.

സിംഗപ്പൂരിലെ മറീന ബേ സാന്‍ഡില്‍ ജനുവരി 15 മുതല്‍ 19 വരെയാണ് കലാപ്രദര്‍ശനം നടക്കുക. സ്വയം ക്യൂറേറ്റ് ചെയ്ത് പ്രദര്‍ശനം നടത്താന്‍ ഒരു കൂട്ടം രാജ്യങ്ങള്‍ക്ക് ഇടം നല്‍കുകയാണ് “പ്ലാറ്റ്‌ഫോം”.

ഇന്ത്യന്‍ പവലിയനിലേക്ക് കലാകാരന്മാരെ തിരഞ്ഞെടുക്കുന്നതും പവലിയന്റെ രൂപകല്‍പനയില്‍ സംഘാടകരെ സഹായിക്കുന്നതും ബോസ് ആണ്. നിരവധി കലാകാരന്മാര്‍ തന്റെ പരിഗണനയില്‍ ഉണ്ടെന്നും അവരില്‍ നിന്ന് ആറോ എട്ടോ പേരെ ആര്‍ട് ഗ്യാലറികള്‍ വഴി തിരഞ്ഞെടുക്കുമെന്നും ബോസ് പറഞ്ഞു.

ഏഷ്യ-പസഫിക് മേഖലയിലെ പ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികള്‍ ഒരേ വേദിയില്‍ പ്രദര്‍ശിപ്പിക്കാമെന്നതാണ് “പ്ലാറ്റ്‌ഫോമി”ന്റെ പ്രത്യേകത.

തെക്ക് കിഴക്കന്‍ ഏഷ്യ, ഇന്ത്യ, ചൈന, തായ്‌വാന്‍, ജപ്പാന്‍, കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് പ്ലാറ്റ്‌ഫോമിലേക്ക് സൃഷ്ടികളെത്തുന്നത്. 2011 ലാണ് ആര്‍ട് സ്‌റ്റേജ് സിംഗപ്പൂര്‍ ആരംഭിക്കുന്നത്.

We use cookies to give you the best possible experience. Learn more