| Saturday, 2nd September 2023, 1:00 pm

'റിലീസ് മുതലേ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ്ങ്'; നിയമനടപടിയുമായി ബോസ് ആന്‍ഡ് കോ ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡീ ഗ്രേഡിങ്ങിനെതിരെ പരാതി നല്‍കാന്‍ ബോസ് ആന്‍ഡ് കോയുടെ അണിയറ പ്രവര്‍ത്തകര്‍. നിവിന്‍ പോളി – ഹനീഫ് അദേനി കൂട്ടുകെട്ടില്‍ എത്തിയ ചിത്രം ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥയാണ് പറയുന്നത്.

റിലീസ് ദിനം മുതലേ ചിത്രം കനത്ത ഡീഗ്രേഡിംഗ് നേരിട്ട് കൊണ്ടിരിക്കുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ഒട്ടുമിക്ക സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ അക്കൗണ്ടുകള്‍ വഴിയും അല്ലാതെയും ചിത്രത്തെ വളരെയധികം മോശമാക്കി ചിത്രീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും നിരൂപണങ്ങളുമാണ് പങ്ക് വെക്കപ്പെടുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ഏറ്റവും കുറഞ്ഞ റേറ്റിങ് നല്‍കി ഡീഗ്രേഡിങ്ങും നടക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ ശ്രമിക്കുന്ന പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള ഡീഗ്രേഡിങ് നടക്കുന്നത്. ഇത്തരത്തില്‍ മനപ്പൂര്‍വം ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതും മറ്റ് നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കുന്നതുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. റിവ്യൂ ചെയ്ത അക്കൗണ്ടുകള്‍, മോശമായ രീതിയിലുള്ള കമന്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ആഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. യു.എ.ഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മിക്കുന്നത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്.

Content Highlight: Boss & Co team to file complaint against de-grading

We use cookies to give you the best possible experience. Learn more