ഡോര്‍ട്ട്മുണ്ട്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ സ്റ്റേഡിയത്തിലേക്കു പുറപ്പെട്ട ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ടീം ബസിനു സമീപം സ്‌ഫോടനം. പരുക്കേറ്റ സ്പാനിഷ് താരം മാര്‍ക് ബാര്‍ത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോട്ടലിനു സമീപത്തു നിന്ന് ടീം ബസ് സ്റ്റേഡിയത്തിലേക്കു പുറപ്പെട്ട ഉടനെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നെന്ന് ഡോര്‍ട്ട്മുണ്ട് ക്ലബ് ട്വീറ്റ് ചെയ്തു. തുടരെ മൂന്നു സ്‌ഫോടനങ്ങളുണ്ടായതായി പിന്നീട് പൊലീസ് സ്ഥിരീകരിച്ചു.
ഫ്രഞ്ച് ക്ലബ് മൊണാക്കോയുമായി ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 12.15നായിരുന്നു ഡോര്‍ട്ട്മുണ്ടിന്റെ മല്‍സരം നിശ്ചയിച്ചിരുന്നത്. മാറ്റിവച്ച മല്‍സരം ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.15നു നടക്കും.
സ്‌ഫോടനത്തില്‍ ബസിന്റെ പിന്‍വശത്തെ രണ്ടു ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അതേസമയം മറ്റു താരങ്ങള്‍ക്കൊന്നും പരുക്കേറ്റിട്ടില്ലെന്നം ബാര്‍ത്രയുടെ പരുക്ക് സാരമല്ലെന്നും ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജര്‍മ്മനിയില്‍ ഏറെ ആരാധകരുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോടാണ് ഐ.എസ്.എല്ലിലെ കേരള കൊമ്പന്മാരായ കേരള ബ്ലാസ്റ്റേഴ്‌സിനെ ഉപമിക്കാറ്. മഞ്ഞപ്പടയെന്ന ഡോര്‍ട്ട്മുണ്ടിന്റെ ആരാധക്കൂട്ടമാണ് അവരുടെ കരുത്ത്.
തങ്ങളുടെ പ്രിയ ടീമിന് അപകടം സംഭവിച്ചെന്നറിഞ്ഞ ആരാധകര്‍ ഡോര്‍ട്ട്മുണ്ട്..ഡോര്‍ട്ട്മുണ്ട് എന്നു തുടങ്ങുന്ന ചാന്റുമായാണ് മെണോക്കോയിലെ സ്‌റ്റേഡിയത്തില്‍ ടീമിനു വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരുന്നത്.