ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്‌നല്‍ ഇടുന പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ ഡോര്‍ട്മുണ്ട് ആരാധകരില്‍ നിന്നും വിചിത്രമായ ഒരു സംഭവം നടന്നു.
മത്സരത്തിനിടെ വ്യാജ സ്വര്‍ണക്കട്ടികളും മണി ബാഗുകളും ഗ്രൗണ്ടിലേക്ക് വലിച്ച് എറിഞ്ഞ് മത്സരം തടസ്സപ്പെടുത്താന്‍ ആരാധകര്‍ ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ മത്സരം കുറച്ചു സമയത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു.
2024-25 ചാമ്പ്യന്‍സ് ലീഗ് സീസണിലുള്ള പുതിയ പരിഷ്‌കരണങ്ങള്‍ പ്രകാരം ഒരു പോയിന്റ് ടേബിളിൽ 36 ടീമുകള്‍ ഉണ്ടാവും. ഇതിനാല്‍ കടുത്ത ഷെഡ്യൂളിനുള്ളില്‍ എട്ട് മത്സരങ്ങള്‍ കളിക്കുക എന്നത് ദുഷ്‌കരമായിരിക്കും. അതുകൊണ്ടുതന്നെ ഇതിനെതിരെ പല ക്ലബ്ബുകളും പ്രതിഷേധം അറിയിച്ചിരുന്നു. ഈ വിഷയത്തിനെതിരെയാണ് ബൊറൂസിയ ഡോര്‍ട്മുണ്ട് പ്രതികരിച്ചത്.
‘നിങ്ങള്‍ കായികരംഗത്തെ ശ്രദ്ധിക്കുന്നില്ല നിങ്ങള്‍ ശ്രദ്ധിക്കുന്നത് മുഴുവന്‍ പണമാണ്’ എന്നായിരുന്നു ഗാലറിയില്‍ ഉയര്‍ന്ന ബാനര്‍. ഈ ബാനറിനൊപ്പം വ്യാജ സ്വര്‍ണ്ണക്കട്ടകളും പണത്തിന്റെ പണം നിറച്ച ബാഗുകള്‍ എല്ലാം ഗ്രൗണ്ടിലേക്ക് ആരാധകര്‍ എറിഞ്ഞത്.
സിഗ്‌നല്‍ ഇടുന പാര്‍ക്കില്‍ വെച്ച് നടന്ന ത്സരത്തിന്റെ 26ാം മിനിട്ടില്‍ നിക്കാള്‍സ് ഫുള്‍ക്ബര്‍ഗിലൂടെയാണ് ഡോര്‍ട്മുണ്ട് ആദ്യ ഗോള്‍ നേടിയത്. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും താരം ലക്ഷ്യം കാണുകയായിരുന്നു. മത്സരത്തിന്റെ 79ാം മിനിട്ടില്‍ ജൂലിയന്‍ ബ്രാന്‍ഡിറ്റ് ഡോര്‍ട്മുണ്ടിനായി രണ്ടാം ഗോള്‍ നേടി.
മറുപടി ഗോളിനായി ന്യൂകാസില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഡോര്‍ട്മുണ്ട് പ്രതിരോധത്തിൽ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 2-0ത്തിന്റെ മിന്നും ജയം ഡോര്‍ട്മുണ്ട് സ്വന്തമാക്കുകയായിരുന്നു.
1997ന് ശേഷം ഒരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് ജയം സ്വന്തമാക്കാനും ജര്‍മന്‍ വമ്പന്‍മാര്‍ക്ക് സാധിച്ചു. ജയത്തോടെ ഗ്രൂപ്പ് എഫില്‍ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഡോര്‍ട്മുണ്ട്.
ബുണ്ടസ്ലീഗയില്‍ നവംബര്‍ 11ന് സ്റ്റുട്ഗാര്‍ഡിനെതിരെയാണ് ഡോര്‍ട്മുണ്ടിന്റെ അടുത്ത മത്സരം.
Content Highlight: Borussia dortmund fans protest against UEAFA in ucl match vs Newcastle united.