UEFA Champions league
ഫൈനല്‍ ബോസിനെ വീഴ്ത്തണം, എല്ലാം അവസാനിപ്പിക്കാനുള്ള സമയമായി; ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുമ്പ് റയലിന് ഡോര്‍ട്മുണ്ട് കോച്ചിന്റെ മുന്നറിയിപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 31, 05:55 am
Friday, 31st May 2024, 11:25 am

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുന്നോടിയായി റയല്‍ മാഡ്രിഡിന് മുന്നറിയിപ്പുമായി ജര്‍മന്‍ വമ്പന്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് പരിശീലകന്‍ എഡിന്‍ ടെര്‍സിക്. ജൂണ്‍ രണ്ടിന് വെംബ്ലി സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്.

സ്‌കൈ ജര്‍മനിക്ക് നല്‍കിയ അഭിമുഖത്തിലാണ് 14 തവണ യൂറോപ്പ് കീഴടക്കിയ ലോസ് ബ്ലാങ്കോസിനെ തോല്‍പിക്കുന്നതിനെ കുറിച്ചും കപ്പുയര്‍ത്തുന്നതിനെ കുറിച്ചും ടെര്‍സിക് പറഞ്ഞത്.

 

‘ഏറ്റവും ഭയങ്കരനായ ഫൈനല്‍ ബോസ് കാത്തിരിക്കുകയാണ്. ഈ ഒറ്റ മത്സരത്തിനായി ഞങ്ങള്‍ തയ്യാറെടുക്കുകയാണ്. ഈ മത്സരത്തില്‍ എന്തും സാധ്യമാണ്. ഇക്കാര്യം ആരെങ്കിലും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അത് ഞങ്ങള്‍ മാത്രമാണ്. ഇനി അവരുടെ (റയല്‍ മാഡ്രിഡ്) ഊഴമാണ്. എട്ട് മത്സരം, എട്ട് വിജയം, ഫൈനലിലെ വിജയത്തോടെ എല്ലാം അവസാനിപ്പിക്കും,’ അദ്ദേഹം പറഞ്ഞു.

1997ല്‍ ഒരിക്കല്‍ മാത്രമാണ് ബൊറൂസിയ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയത്. മ്യൂണിക്കിലെ ഒളിംപിയസ്റ്റേഡിയനില്‍ നടന്ന മത്സരത്തില്‍ യുവന്റാസായിരുന്നു എതിരാളികള്‍. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഡോര്‍ട്മുണ്ട് കിരീടം ചൂടിയത്.

 

ശേഷം 2012ല്‍ ചിരവൈരികളായ ബയേണ്‍ മ്യൂണിക്കിനെതിരെ ഫൈനലില്‍ പ്രവേശിച്ചെങ്കിലും ബവാരിയന്‍സിന്റെ ചെറുത്തുനില്‍പില്‍ പരാജയപ്പെടുകയായിരുന്നു. ഈ മത്സരവും വെംബ്ലി സ്റ്റേഡിയത്തില്‍ തന്നെയാണ് അരങ്ങേറിയത്.

ഇത്തവണ സെമി ഫൈനലില്‍ ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയെ പരാജയപ്പെടുത്തിയാണ് ബൊറൂസിയ ഫൈനലില്‍ പ്രവേശിച്ചത്. 2-0 എന്ന അഗ്രഗേറ്റ് സ്‌കോറിലായിരുന്നു ഡോര്‍ട്മുണ്ടിന്റെ വിജയം.

സ്വന്തം തട്ടകമായ സിഗ്നല്‍ ഇഡ്യൂനയില്‍ എതിരില്ലാത്ത ഒരു ഗോളിന് എംബാപ്പെയെയും സംഘത്തെയും വീഴ്ത്തിയ ഡോര്‍ട്മുണ്ട് എതിരാളികളുടെ ഹോം സ്‌റ്റേഡിയമായ പാര്‍ക് ഡെസ് പ്രിന്‍സെസിലും ഇതേ വിജയം ആവര്‍ത്തിച്ചു.

അതേസമയം, 4-3 എന്ന സ്‌കോറിലാണ് റയല്‍ കലാശപ്പോരാട്ടത്തിനൊരുങ്ങുന്നത്. ബയേണിന്റെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ഇരുവരും രണ്ട് ഗോള്‍ വീതമടിച്ച് തുല്യത പാലിച്ചപ്പോള്‍ സാന്‍ഡിയോഗോ ബെര്‍ണാബ്യൂവില്‍ ഒന്നിനെതിരെ രണ്ട് ഗോളടിച്ച് റയല്‍ ജയിച്ചുകയറി.

 

Content highlight: Borussia Dortmund coach about UCL final