മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം റൊണാൾഡോ പല യൂറോപ്യൻ ക്ലബ്ബുകളിലേക്കും ചേക്കേറാൻ ശ്രമം നടത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചെൽസി, റയൽ, ബയേൺ, യുവന്റസ് അടക്കം പല പ്രമുഖ ക്ലബ്ബുകളെയും റൊണാൾഡോ സൈൻ ചെയ്യാനായി സമീപിച്ചിരുന്നെങ്കിലും അവരൊക്കെ താരത്തെ നിരസിക്കുകയായിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
എന്നാൽ റൊണാൾഡോയെ എന്തിനാണ് ക്ലബ്ബിലേക്ക് കൊണ്ട് വരാതിരുന്നത് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബൊറൂസിയാ ഡോർട്മുണ്ടിന്റെ മാനേജിങ് ഡയറക്ടറായ കാർസ്റ്റൻ ക്രാമെർ.
റൊണാൾഡോ തങ്ങളുടെ ശൈലിക്ക് പറ്റിയ താരമല്ലെന്നും സോഷ്യൽ മീഡിയയിൽ പിന്തുടരുന്നവരുടെ എണ്ണം നോക്കി താരത്തെ ടീമിലെത്തിക്കാൻ പറ്റില്ലെന്നുമാണ് കാർസ്റ്റൻ ക്രാമെർ അഭിപ്രായപ്പെട്ടത്.ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള താൽപര്യം മുൻ നിർത്തിയാണ് റോണോ ഡോർട്മുണ്ടിനെ സമീപിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ താരത്തെ സൈൻ ചെയ്യേണ്ടെന്ന് ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു.
“ഞങ്ങളുടെ ക്ലബ്ബ് സാമൂഹ്യ മാധ്യമങ്ങളിൽ എത്രപേർ പിന്തുടരുന്നുണ്ട് എന്ന് നോക്കിയല്ല പ്ലെയേഴ്സിനെ സൈൻ ചെയ്യുന്നത്. ഞങ്ങൾ മികച്ചൊരു ഫുട്ബോൾ ക്ലബ്ബാണ്. ഞങ്ങൾ മാർക്കറ്റിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനാൽ മികച്ച രീതിയിൽ കളിക്കാൻ പറ്റുന്ന ഞങ്ങളുടെ ശൈലിക്ക് ചേരുന്ന താരങ്ങളെയാണ് ക്ലബ്ബ് സൈൻ ചെയ്യുക,’ കാർസ്റ്റൻ ക്രാമെർ പറഞ്ഞു.
എന്നാൽ പിന്നീട് താരം ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലത്തുകയായ 225 മില്യൺ യൂറോക്ക് സൗദി ക്ലബ്ബ് അൽ നസറിലേക്ക് ചേക്കേറുകയായിരുന്നു. 2025 വരെയാണ് താരത്തിന് അൽ നസറുമായി കരാറുള്ളത്. അൽ നസറിനായി നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളാണ് ഇതുവരെ റൊണാൾഡോ സ്വന്തമാക്കിയത്.
അതേസമയം 17 മത്സരങ്ങളിൽ നിന്നും 12 വിജയങ്ങളോടെ സൗദി പ്രോ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ.