ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. അണ്ടര്‍ 16 സെക്കന്‍ഡ് ലെഗില്‍ പി.എസ്.വിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജര്‍മന്‍ വമ്പന്മാര്‍ കോര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്.
ആദ്യപാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ സെക്കന്റ് ലഗില്‍ ജയം സ്വന്തമാക്കി 3-1ന്റെ അഗ്രിഗേറ്റ് ലീഡുമായാണ് ഡോര്‍ട്മുണ്ട് മുന്നേറിയത്.
ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ബൊറൂസിയ ഡോര്‍ട്മുണ്ട് സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഡോര്‍ട്മുണ്ട് ഹോം ഗ്രൗണ്ടായ സിഗ്‌നല്‍ ഇടുന പാര്‍ക്കില്‍ തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങള്‍ പരാജയപ്പെടാതെ നില്‍ക്കുന്നത്.
ഡോര്‍ട്മുണ്ടിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഹോം ടീം കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയാണ് സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.
മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ തന്നെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജേഡന്‍ സാഞ്ചോയിലൂടെയാണ് ഡോര്‍ട്മുണ്ട് ആദ്യം ലീഡ് നേടിയത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ആതിഥേയര്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ സന്ദര്‍ശകര്‍ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഡോര്‍ട്മുണ്ട് പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ നായകന്‍ മാര്‍ക്കോ റൂയിസ് രണ്ടാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും ഡോര്‍ട്മുണ്ട് സ്വന്തമാക്കുകയായിരുന്നു.
ബുണ്ടസ്‌ലീഗയില്‍ മാര്‍ച്ച് 17ന് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്‌ഫോര്‍ട്ടിനെതിരെയാണ് ഡോര്‍ട്മുണ്ടിന്റെ അടുത്ത മത്സരം. ഡോര്‍ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്‌നല്‍ ഇടുന പാര്‍ക്കാണ് വേദി.
Content Highlight: Borussia Dortmund beat PSV in UCL