| Wednesday, 24th January 2024, 6:07 pm

സൗദി ബാങ്കില്‍നിന്നും പണം കടമെടുത്തു; തിരിച്ചടവ് മുടങ്ങിയതിനാല്‍ ബാങ്കിന്റെ റിക്കവറി ഏജന്റുമാര്‍ മാനസികമായി പീഡിപ്പിക്കുന്നു

ആര്‍.മുരളീധരന്‍

പ്രവാസികളായ വായനക്കാരുടെ സംശയങ്ങള്‍ക്ക് എന്‍.ആര്‍.ഐ വിഷയങ്ങളിലെ നിയമ വിദഗ്ധന്‍ അഡ്വ. മുരളീധരന്‍. ആര്‍  മറുപടി നല്‍കുന്നു. ചോദ്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം

Email: info@nrklegal.com


ചോദ്യം:  സൗദി ബാങ്കില്‍നിന്നും കടമെടുത്തു; തിരിച്ചടവ് മുടങ്ങി, റിക്കവറി ഏജന്റുമാര്‍ മാനസികമായി പീഡിപ്പിക്കുന്നു, എങ്ങനെ രക്ഷപ്പെടും

ഞാന്‍ 2020 ആഗസ്റ്റ് മാസം വരെ സൗദി അറേബ്യയിലെ റിയാദില്‍ ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഉടനടി എനിക്ക് നാട്ടില്‍ (കേരളത്തില്‍) വരേണ്ടിവന്നു. കോവിഡ് അവസാനിച്ചെങ്കിലും ഫ്ളൈറ്റ് ലഭ്യമല്ലാത്തതിനാല്‍ എനിക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞില്ല. ഇതിനിടക്ക് എന്റെ വിസ കാലാവധിയും കഴിഞ്ഞിരുന്നു.

റിയാദില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഒരു ബാങ്കില്‍നിന്നും 80,000 സൗദി റിയാല്‍ (ഏകദേശം 17,70,000 രൂപ) കടമെടുത്തിരുന്നു. 27000 സൗദി റിയാല്‍ മാത്രമേ തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് നിയമനടപടി സ്വീകരിക്കുകയും മുഴുവന്‍ തുകയും പലിശസഹിതം തിരിച്ചടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വരുമാനമൊന്നും ഇല്ലാത്തതിനാല്‍ തിരിച്ചടക്കാന്‍ കഴിഞ്ഞില്ല.

എന്റെ നിസ്സഹായത ഞാന്‍ ബാങ്കിനെ അറിയിച്ചെങ്കിലും അനുഭാവപൂര്‍വ്വമായ സമീപനം ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതിനിടക്ക് കടമെടുത്ത തുക ഉടനെ തിരിച്ചടക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബാങ്കിന്റെ റിക്കവറി ഏജന്റുമാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എന്നെയും വീട്ടുകാരെയും ബന്ധുക്കളെയും അയല്‍ക്കാരെയും നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൊടുത്ത് എന്നെ അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ചില ഏജന്റുമാര്‍ എന്റെ വീട്ടില്‍ വന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു.

പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഭീഷണി തുടര്‍ന്നുകൊണ്ടിരിക്കുന്നു. എത്രയും പെട്ടെന്ന് ബാങ്കിന് മൊത്തം തുകയും തിരിച്ചുകൊടുക്കണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി പണം സമാഹരിക്കാനുള്ള ഓട്ടത്തിലാണ്. എന്നാല്‍ റിക്കവറി ഏജന്റുമാര്‍വഴി പണം തിരിച്ചുകൊടുക്കുന്നതിനോട് യോജിപ്പില്ല. അവര്‍ ബാങ്കില്‍ പണം അടക്കുമെന്നതിന് ഒരുറപ്പുമില്ല. ഈ ഊരാക്കുടുക്കില്‍ നിന്നും എങ്ങനെ രക്ഷപ്പെടും?

ആന്‍സി ജോര്‍ജ്ജ്, ആലപ്പുഴ

ഉത്തരം:

ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടക്കേണ്ടതുതന്നെയാണ്. അപ്രകാരം ചെയ്യാതിരുന്നാല്‍ ബാങ്കിന് ഇന്‍ഡ്യയിലെ കോടതികള്‍ വഴിയോ റിക്കവറി ഏജന്റുമാരുടെ സഹായത്തോടെയോ നിങ്ങളില്‍നിന്നും പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ചെയ്യാവുന്നതാണ്.

റിക്കവറി ഏജന്റുമാരെ ഏല്‍പ്പിച്ചാല്‍ അവര്‍ ബാങ്കിന് കൊടുക്കാനുള്ള പണത്തിനുപുറമെ അവരുടെ സര്‍വ്വീസ് ചാര്‍ജ്ജും നമ്മില്‌നിന്നുതന്നെ ഈടാക്കും. പണം തിരിച്ചടച്ചില്ലങ്കില്‍ ബാങ്കിന്റെ റിക്കവറി ഏജന്റുമാര്‍ നിങ്ങളെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. നാട്ടിലെ നിയമസംവിധാനങ്ങള്‍ക്ക് പിടികൊടുക്കാത്ത തരത്തില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇരുന്നുകൊണ്ട് തങ്ങളുടെ പ്രവര്‍ത്തനം നടത്താന്‍ റിക്കവറി ഏജന്റുമാര്‍ക്കറിയാം.

ഇന്‍ഡ്യന്‍ ബാങ്ക് അല്ലാത്തതിനാല്‍ അവരുടെ റിക്കവറി ഏജന്റുമാര്‍ക്കെതിരെ നടപടി എടുക്കാന്‍ റിസര്‍വ്വ് ബാങ്കിനോ പോലീസിനോ കഴിയില്ല. സൗദിയിലെ ബാങ്കിന്റെ കടം വീട്ടുന്നതിന് ആ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുകയും പരമാവധി കുറഞ്ഞതുകക്ക് സെറ്റില്‍ ചെയ്യുകയുമാണ് ഉത്തമം.

ഇത്തരം വിഷയങ്ങളില്‍ പൊതുവെ ബാങ്കുകള്‍ അനുഭാവപൂര്‍വ്വമായ സമീപനമാണ് കൈക്കൊള്ളാറുള്ളത്. സൗദിയിലുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ മുഖേന തുക സെറ്റില്‍ ചെയ്യാവുന്നതും പണമടച്ചതിനുശേഷം ബാങ്കില്‍നിന്നും എന്‍ ഓ സി എടുക്കാവുന്നതുമാണ്. അപ്രകാരം ചെയ്താല്‍ റിക്കവറി ഏജന്റില്‍നിന്നുള്ള ശല്യം എക്കാലത്തേക്കുമായി അവസാനിപ്പിക്കാവുന്നതാണ്.


അഡ്വ. മുരളീധരന്‍. ആര്‍
+919562916653
info@nrklegal.com
www.nrklegal.com 


എന്‍.ആര്‍.ഐ ലീഗല്‍ കോര്‍ണറില്‍ നേരത്തെ പ്രസിദ്ധീകരിച്ചവ ഇവിടെ വായിക്കാം

CONTENT HIGHLIGHTS: Borrowed from Saudi Bank; Delayed repayment, recovery agents are mentally torturing, how to escape

ആര്‍.മുരളീധരന്‍

ദീര്‍ഘകാലം പ്രവാസി, ഇപ്പോള്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു

Latest Stories

We use cookies to give you the best possible experience. Learn more