| Monday, 19th April 2021, 3:16 pm

കൊവിഡ് വ്യാപനം രൂക്ഷം; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ഏപ്രില്‍ 26മുതല്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.

നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ബോറിസ് ജോണ്‍സണിന്റെ സന്ദര്‍ശനം റദ്ദാക്കിയതെന്നും ഈ മാസം അവസാനം ബോറിസ് ജോണ്‍സണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫോണിലൂടെ ചര്‍ച്ച നടത്തുമെന്നും ഇന്ത്യ-യു.കെ സര്‍ക്കാരിന്റെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യം കൂടുതല്‍ നിയന്ത്രണത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഇന്നലെയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 2,73,810പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.

ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിനകേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഇതോടെ, രാജ്യത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പത്തൊമ്പത് ലക്ഷം പിന്നിട്ടു. ആകെ 19,29,329 പേരാണ് ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Borris Johnson Cancells India Visit

We use cookies to give you the best possible experience. Learn more