ലണ്ടന്‍: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ഏപ്രില്‍ 26മുതല്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ബോറിസ് ജോണ്‍സണിന്റെ സന്ദര്‍ശനം റദ്ദാക്കിയതെന്നും ഈ മാസം അവസാനം ബോറിസ് ജോണ്‍സണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫോണിലൂടെ ചര്‍ച്ച നടത്തുമെന്നും ഇന്ത്യ-യു.കെ സര്‍ക്കാരിന്റെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യം കൂടുതല്‍ നിയന്ത്രണത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്ത് ഇന്നലെയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 2,73,810പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.
ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിനകേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.