ഒരൊറ്റ ഗോളിലൂടെ കനേഡിയന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലും ഖത്തര്‍ ലോകപ്പിന്റെ ശ്രദ്ധയിലും ഇടംപിടിച്ചിരിക്കുകയാണ് അല്‍ഫോന്‍സോ ഡേവീസ്(22). ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ ഏറ്റവും വേഗമേറിയ ഗോള്‍ നേടുന്ന താരമായിരിക്കുകയാണ് അല്‍ഫോന്‍സോ ഡേവീസ്.
മത്സരം തുടങ്ങി രണ്ടാം മിനിട്ടിലാണ്(68 സെക്കന്‍ഡ്) അല്‍ഫോന്‍സോ ഡേവീസ് ക്രൊയേഷ്യന്‍ വലകുലുക്കിയത്.
കനേഡിയന്‍ നാഷണല്‍ ടീമിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോളും ഇതാണ്. ഖത്തറിലേത് കാനഡയുടെ രണ്ടാം ലോകകപ്പാണ്. 1986ല്‍ ലോകകപ്പ് കളിച്ച ടീമിന് അന്ന് ഒരു ഗോളും നേടാനായിരുന്നില്ല. ഒറ്റ ഗോളില്‍ രണ്ട് ചരിത്രം കുറിച്ച അല്‍ഫോന്‍സോ ഡേവീസിന്റെ ജീവിതം പ്രചോദനമേകുന്നതാണ്.
69 seconds.
Of course Alphonso Davies scores the quickest goal of this World Cup. Nice 💨 pic.twitter.com/6peTmO2KZj
— B/R Football (@brfootball) November 27, 2022
ഘാനയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനനം
ലൈബീരിയയില്‍ നിന്നുള്ളവരാണ് അല്‍ഫോന്‍സോ ഡേവീസിന്റെ മാതാപിതാക്കള്‍. രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതോടെ അല്‍ഫോന്‍സോയുടെ പിതാവ് ദേബയ്യയും മാതാവ് വിക്ടോറിയയും മോണ്‍റോവിയയിലെ(ലിബിയയുടെ തലസ്ഥാനം) തങ്ങളുടെ വീട് ഉപേക്ഷിച്ച് ഘാനയിലെ ബുഡുബുറാം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറുകയായിരുന്നു. അന്ന് അല്‍ഫോന്‍സോ അമ്മയുടെ വയറ്റിലാണ്.
അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ചാണ് അല്‍ഫോന്‍സോയുടെ ജനനം. പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് കാനഡയിലേക്ക് കുടിയേറാനുള്ള അവസരം ലഭിക്കുന്നത്. ഇവിടെ നിന്നാണ് അല്‍ഫോന്‍സോ ഇന്ന് ലോകകപ്പില്‍ ശ്രദ്ധ പിടിച്ചുപറ്റിയ താരമായി വളര്‍ന്നത്.