| Tuesday, 5th January 2021, 3:40 pm

ലോക്ക് ഡൗണ്‍ ബാധിക്കില്ല, ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തും; തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഹൈകമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിലെ പ്രത്യേക അതിഥിയായി ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശന പരിപാടികള്‍ക്ക് ഇതുവരെ മാറ്റമില്ലെന്നാണ് ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ അറിയിച്ചത്.

ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ തുടര്‍ന്ന് വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തുന്നത് ഒഴിവാക്കുമോ എന്ന ചര്‍ച്ചകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് നിലവില്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ മാറ്റമൊന്നുമില്ലെന്ന് ഹൈകമ്മീഷണര്‍ അറിയിച്ചതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിതീവ്ര കൊറോണ വൈറസ് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഒന്നരമാസത്തേക്കാണ് അടച്ചിടുന്നത്. ഫെബ്രുവരി പകുതിവരെയാണ് ലോക് ഡൗണ്‍. സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇത് മൂന്നാംതവണയാണ് ബ്രിട്ടണില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

ഒറ്റദിവസം കൊണ്ട് അരലക്ഷത്തിലേറെ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയാണ് രാജ്യത്ത്. മരണ സംഖ്യയും ഉയര്‍ന്നുതന്നെയാണ്.

ഇന്ത്യയും യു.കെയും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ കൂടിയാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തുന്നത്.

യു.കെയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് കൊവിഡിന്റെ ജനിതകമാറ്റം വന്ന വൈറസ് ഇതിനോടകം 30 ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. 70 ശതമാനം വരെ വേഗത്തില്‍ പടരാന്‍ കഴിവുള്ളതാണ് വൈറസ് എന്നതിനാല്‍ അതീവ ജാഗ്രതയിലാണ് ലോകം. നിരവധി രാജ്യങ്ങള്‍ യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Boris Johnson Will Visit India, No Change In Plan So Far, Say Sources

We use cookies to give you the best possible experience. Learn more