| Monday, 5th July 2021, 10:22 am

കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ബ്രിട്ടണ്‍; ഇനി കൊവിഡിനൊപ്പം ജീവിച്ചു തുടങ്ങണമെന്ന ആഹ്വാനവുമായി ബോറിസ് ജോണ്‍സണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ജൂലൈ 19 മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നാണ് ബ്രിട്ടന്റെ പുതിയ നയം.

ജൂണ്‍ 21 ന് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനായിരുന്നു ബോറിസ് ജോണ്‍സണ്‍ ആദ്യ ഘട്ടത്തില്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഡെല്‍റ്റാ വകഭേദം വര്‍ധിച്ചു വന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു. ബ്രിട്ടണില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളിലധികവും ഡെല്‍റ്റാ വകഭേദത്തില്‍ ഉള്‍പ്പെട്ടവയാണ്.

എന്നാല്‍ വാക്‌സിനേഷന്‍ പ്രക്രിയ കാര്യക്ഷമമായി നടക്കുന്ന രാജ്യത്ത് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.

‘ആളുകളുടെ സ്വാതന്ത്ര്യത്തെ എങ്ങനെ പഴയപടിയാക്കാമെന്ന് ഇന്ന് നമുക്ക് തീരുമാനിക്കാം,’ എന്നാണ് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

മഹാമാരി ഇതുവരെയും ഒഴിവായിട്ടില്ല. ആളുകള്‍ ഇനി കൊറോണ വൈറസിനൊപ്പം ജീവിച്ചു തുടങ്ങണമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.

ബ്രിട്ടണിലെ മൂന്നാം ലോക്ഡൗണ്‍ ആണ് അവസാനിപ്പിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പബ്ബുകള്‍ക്കും നൈറ്റ് ക്ലബുകള്‍ക്കും ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. വലിയ ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന പരിപാടികള്‍ക്കും ഇപ്പോഴും അനുമതിയില്ല.

നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിക്കഴിഞ്ഞാല്‍ കൊവിഡ് കേസുകള്‍ ഇനിയും ഉയരും. എന്നാലും വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനാല്‍ കൊവിഡ് മരണ നിരക്കില്‍ കാര്യമായ കുറവുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Boris Johnson to unveil covid restrictions in Britain and says learn to live with The Virus

We use cookies to give you the best possible experience. Learn more