| Tuesday, 23rd July 2019, 6:19 pm

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ബോറിസ് ജോണ്‍സണ്‍ നാളെ അധികാരമേറ്റെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: തെരേസാ മേയുടെ പിന്‍ഗാമി ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാവും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ലണ്ടന്‍ മുന്‍ മേയറുമാണ് ബോറിസ് ജോണ്‍സണ്‍. ഇദ്ദേഹം നാളെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കും.

തെരേസ മേയ് രാജി വെച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ബ്രിട്ടനില്‍ കളമൊരുങ്ങിയത്. തുടര്‍ന്ന് നടത്തിയ വോട്ടെടുപ്പില്‍ ബോറിസ്, വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ 66ശതമാനം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. ബോറിസ് 92,153 വോട്ടുകളും ജെറമി ഹണ്ട് 46,656 വോട്ടുകളുമാണ് നേടിയത്. വോട്ടെടുപ്പില്‍ 1,60,000 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്തു.

ബ്രെക്സിറ്റ് കരാറില്‍ പാര്‍ലമെന്റില്‍ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലായിരുന്നു മേയ് രാജിവച്ച് സ്ഥാനമൊഴിഞ്ഞത്. ബ്രെക്‌സിറ്റ് തന്നെയായിരിക്കും ജോണ്‍സന്റെയും മുന്നിലുള്ള പ്രധാന വെല്ലുവിളി. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന നേതാവാണ് ബോറിസ് ജോണ്‍സണ്‍. കരാറുകളില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുമെന്നും ബ്രക്‌സിറ്റ് അനുകൂലികളെ ഒരുമിപ്പിക്കുകയുമാണ് നയമെന്ന് ബോറിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയും അദ്ദേഹമിത് ആവര്‍ത്തിച്ചു. ബ്രക്‌സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായി ബോറിസ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിയോജിപ്പ് പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടന്‍ രാജിവച്ചു. അധികാരമാറ്റത്തോടെ കൂടുതല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ ബോറിസിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തന്നെ വിമതശബ്ദങ്ങളുമുണ്ട്.

55 കാരനായ ബോറിസ് ബുധനാഴ്ച ഉച്ചതിരിഞ്ഞാവും സത്യപ്രതിഞ്ജ ചെയ്ത് ഔദ്യോഗികമായി അധികാരമേറ്റെടുക്കുക. ബെക്കിങ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിയെ കണ്ടശേഷം ബുധനാഴ്ചയാണ് തെരേസ മേയ് സ്ഥാനമൊഴിയുക.

We use cookies to give you the best possible experience. Learn more