| Monday, 12th July 2021, 5:37 pm

അത്തരക്കാര്‍ ലജ്ജിക്കണം; തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് കളിക്കാര്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: യൂറോ കപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം ഇംഗ്ലണ്ട് കളിക്കാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന വംശീയ അധിക്ഷേപത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അപലപിച്ചു.

കളിക്കാര്‍ക്ക് മോശം അനുഭവം നേരിട്ടത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. താരങ്ങള്‍ക്കെതിരെ നടന്ന വംശീയ അധിക്ഷേപം വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

‘സോഷ്യല്‍ മീഡിയയില്‍ ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുകയല്ല, പ്രശംസിക്കുകയാണ് വേണ്ടത്. ഇത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നവര്‍ സ്വയം ലജ്ജിക്കണം,’ ബോറിസ് ജോണ്‍സന്‍ ട്വീറ്റ് ചെയ്തു.

ഇറ്റലിക്കെതിരെയുള്ള ഫൈനലില്‍ ഇംഗ്ലണ്ടിന്റെ പെനല്‍റ്റി കിക്കുകള്‍ പാഴാക്കിയ മാര്‍ക്കസ് റാഷ്ഫഡ്, ജെഡന്‍ സാഞ്ചോ, ബുക്കായോ സാക എന്നിവരെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ ആരാധകര്‍ വന്‍ തോതില്‍ ട്രോളുകള്‍ പ്രചരിപ്പിച്ചിരുന്നു. തോല്‍വിക്കു പിന്നാലെ ആരാധകര്‍ ലണ്ടനില്‍ തമ്മിലടിക്കുകയും വ്യാപക ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.

സമൂഹ മാധ്യമങ്ങളിലെ അധിക്ഷപ സന്ദേശങ്ങളെക്കുറിച്ച് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താരങ്ങളെ അധിക്ഷേപിച്ച നടപടിയില്‍ കുറ്റപ്പെടുത്തി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനും പ്രസ്താവനയിറക്കിയിരുന്നു.

‘വംശീയ അധിക്ഷേപങ്ങള്‍ക്ക് വിരാമമിടാന്‍ പിന്തുണ പ്രഖ്യാപിച്ചാണ് ടീം യൂറോ തുടങ്ങിയതുതന്നെ. ഷൂട്ടൗട്ടില്‍ പിഴവുണ്ടാകുന്നതിന് മുമ്പ് ഫുട്ബോള്‍ ഭ്രമം നിറഞ്ഞ നാടിന്റെ ഹൃദയം കീഴടക്കിയ ചെറുപ്പക്കാരാണ് അവര്‍.

ഇത് ബാധിക്കുന്ന താരങ്ങളെ പിന്തുണയ്ക്കാനായി ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. അതോടൊപ്പം ഇതിന് കാരണക്കാരായവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുകയും ചെയ്യും,’ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Boris Johnson slams racial abuse against England’s Euro 2020 team

We use cookies to give you the best possible experience. Learn more