| Saturday, 30th April 2022, 3:32 pm

ഇന്ത്യാ സന്ദര്‍ശനത്തിനിടെ ജെ.സി.ബിക്കൊപ്പം ഫോട്ടോ പോസ്; ബോറിസ് ജോണ്‍സണെതിരെ വിമര്‍ശനവുമായി ബ്രിട്ടീഷ് എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ദ്വിദിന ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഗുജറാത്തിലെ ജെ.സി.ബി ഫാക്ടറിയിലെത്തി ഫോട്ടോക്ക് പോസ് ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെതിരെ വിമര്‍ശനവുമായി എം.പിമാര്‍.

ഏപ്രില്‍ 21നായിരുന്നു ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തിയതും ജെ.സി.ബി ഫാക്ടറി സന്ദര്‍ശനം നടത്തിയതും.

ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഭരണകൂടം മുസ്‌ലിങ്ങളുടെ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതിന്റെ പിറ്റേ ദിവസമായിരുന്നു ഇത്.

ഇതോടെയാണ് ബ്രിട്ടനിലെ വനിതാ എം.പിമാര്‍ ബോറിസ് ജോണ്‍സന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ച് സര്‍ക്കാര്‍ നടത്തിയ ഇത്തരം ബുള്‍ഡോസര്‍ അക്രമങ്ങളെക്കുറിച്ച് ബോറിസ് ജോണ്‍സണ്‍ നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തിരുന്നോ എന്നും എം.പിമാര്‍ ചോദ്യമുന്നയിച്ചു.

ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍, നോട്ടിങ്ഹാം ഈസ്റ്റിലെ ലേബര്‍ പാര്‍ട്ടി എം.പി നദിയ വിറ്റോം ആണ് ചോദ്യമുന്നയിച്ചത്. ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ പ്രവര്‍ത്തികള്‍ക്ക് ന്യായീകരണമായി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം മാറിയോ എന്നും വിറ്റോം ചോദിച്ചു.

മറ്റൊരു എം.പിയായ സറാഹ് സുല്‍ത്താനയും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ‘മനുഷ്യാവകാശങ്ങളെക്കുറിച്ച് ബോറിസ് ജോണ്‍സണ്‍ എത്രത്തോളം ബോധവാനാണ് എന്നതിന്റെ തെളിവാണ് ഈ സന്ദര്‍ശന’മെന്നായിരുന്നു സുല്‍ത്താന പാര്‍ലമെന്റില്‍ പറഞ്ഞത്.

ഏപ്രില്‍ 20നായിരുന്നു ജഹാംഗീര്‍പുരിയില്‍ മുസ്‌ലിങ്ങളുടെ വീടുകളും കടകളും മുസ്‌ലിം പള്ളിയുടെ കവാടവും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നോര്‍ത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ തകര്‍ത്തത്. കയ്യേറ്റങ്ങളാണെന്നാരോപിച്ചായിരുന്നു ഇത് ചെയ്തത്.

ഇതിന് പിറ്റേദിവസമാണ് ഗുജറാത്തിലെ വഡോദരയിലെത്തിയ ബോറിസ് ജോണ്‍സണ്‍ ജെ.സി.ബി ഫാക്ടറി സന്ദര്‍ശിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തത്.

Content Highlight: Boris Johnson slammed by British MP’s over his JCB Factory visit in Gujarat and photo pose during India Visit

We use cookies to give you the best possible experience. Learn more