| Monday, 24th October 2022, 12:49 pm

'ഇനിയൊരങ്കത്തിന് ബാല്യമില്ല'; പിന്മാറി ബോറിസ് ജോണ്‍സണ്‍; ബ്രിട്ടനെ നയിക്കാന്‍ റിഷി സുനക് തന്നെ എത്തിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിനില്ലെന്ന് വ്യക്തമാക്കി മുന്‍ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ബോറിസ് ജോണ്‍സണ്‍.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന റിഷി സുനക്, പെന്നി മോര്‍ഡൗണ്ട് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ബോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 57 എം.പിമാരുടെ പിന്തുണയാണ് നിലവില്‍ ബോറിസിനുള്ളത്.

ഇതോടെ ഇന്ത്യന്‍ വംശജനും ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിലെ ധനമന്ത്രിയുമായിരുന്ന റിഷി സുനക് (Rishi Sunak) ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ന് തന്നെ പ്രഖ്യാപിക്കപ്പെടുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ബോറിസ് ജോണ്‍സന്റെയും റിഷി സുനക്കിന്റെയും പേരുകളായിരുന്നു പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടത്. മത്സരത്തില്‍ നിന്നും ബോറിസ് പിന്മാറിയതോടെ റിഷി സുനക് ഈ സ്ഥാനത്തേക്കെത്താനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

മറ്റൊരു സ്ഥാനാര്‍ത്ഥിയായ പെന്നി മോര്‍ഡൗണ്ടിന് (Penny Mordaunt) 100 എം.പിമാരുടെ പിന്തുണ എന്ന അടിസ്ഥാന യോഗ്യതയിലേക്കെത്താന്‍ സാധിക്കാതെ വന്നാല്‍ സ്വാഭാവികമായും റിഷി സുനക് അടുത്ത പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെടും.

ആദ്യഘട്ട ബാലറ്റില്‍ വിജയിക്കണമെങ്കില്‍ കുറഞ്ഞത് 100 എം.പിമാരുടെ പിന്തുണയാണ് സ്ഥാനാര്‍ത്ഥികള്‍ തെളിയിക്കേണ്ടത്.

നിലവില്‍ 25 എം.പിമാരുടെ മാത്രം പിന്തുണയാണ് പെന്നി മോര്‍ഡൗണ്ടിനുള്ളത്. എന്നാല്‍ റിഷി സുനകിനെ പിന്തുണച്ചുകൊണ്ട് 155 എം.പിമാര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

പുതിയ പ്രധാനമന്ത്രി ഒക്ടോബര്‍ 28ന് അധികാരമേല്‍ക്കും.

ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള മത്സരം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. ബോറിസ് ജോണ്‍സണ്‍ രാജി വെച്ച ഒഴിവിലേക്കായിരുന്നു ലിസ് ട്രസ് എത്തിയിരുന്നത്.

എന്നാല്‍ ജനാഭിലാഷം പാലിക്കാന്‍ സാധിച്ചില്ലെന്ന് തുറന്ന് സമ്മതിച്ചുകൊണ്ടായിരുന്നു വെറും 45 ദിവസം അധികാരത്തിലിരുന്ന ശേഷം ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്.

ലിസ് ട്രസ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കൊണ്ടുവന്ന നികുതി വെട്ടിക്കുറച്ചതടക്കമുള്ള പുതിയ സാമ്പത്തിക നയങ്ങള്‍ പാളിപ്പോയതിനെ തുടര്‍ന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യവും കുത്തനെ ഇടിഞ്ഞിരുന്നു.

ഇതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ട്രസിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കാര്യപ്രാപ്തിയില്ലാത്ത പ്രധാനമന്ത്രിയാണ് ലിസ് ട്രസ് എന്നും ഇവര്‍ ഉടന്‍ സ്ഥാനമൊഴിയണമെന്നുമുള്ള തരത്തില്‍ അഭിപ്രായങ്ങള്‍ വന്നു.

ധനകാര്യ മന്ത്രി ക്വാസി ക്വാര്‍ട്ടേങും പിന്നാലെ ഇന്ത്യന്‍ വംശജയായ ആഭ്യന്തര വകുപ്പ് സെക്രട്ടറി സുവെല്ല ബ്രാവര്‍മാനും രാജി വെച്ചത് ലിസ് ട്രസ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചു.

ലിസ് ട്രസിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ രാജി വെച്ചതെന്ന് ക്വാര്‍ട്ടേങ് തന്നെ വ്യക്തമാക്കിയിരുന്നു. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സ്ഥാനമൊഴിഞ്ഞ ബ്രാവര്‍മാന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചിരുന്നു.

ഇന്ത്യന്‍ വംശജനായ റിഷി സുനകിനെ മറികടന്ന് കൊണ്ടായിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്.

അതേസമയം, പാര്‍ട്ടി ഗേറ്റ് വിവാദമടക്കമുള്ള വിഷയങ്ങളില്‍ പെട്ടതിന് പിന്നാലെയായിരുന്നു ഇക്കഴിഞ്ഞ ജൂലൈ ഏഴിന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചത്.

Content Highlight: Boris Johnson says he won’t compete to become the next PM, Rishi Sunak might be the next in Britain

We use cookies to give you the best possible experience. Learn more